ആലപ്പുഴ: വൃദ്ധനെ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ബന്ധുവായ അഭിഭാഷകന് ജീവപര്യന്തം തടവും ഒരു ലക്ഷംരൂപ പിഴയും. ആലപ്പുഴ മണ്ണഞ്ചേരി വടികാട് വെളി കോളനിയിൽ കെ.കെ.സുദർശനെ (62) കൊലപ്പെടുത്തിയ കേസിലാണ് വടികാട് വെളി ഉന്നതിയിൽ അഡ്വ.വി.കെ.മഹേഷിനെ (40) ആലപ്പുഴ അഡിഷണൽ സെഷൻസ് കോടതി (രണ്ട് ) ജഡ്ജി എസ്.ഭാരതി ശിക്ഷിച്ചത്.
സുദർശനന്റെ മകൻ സുമേഷിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് മൂന്നു വർഷം തടവും 25,000 രൂപ പിഴയും, മകൾ സുസ്‌മിതയെ ആക്രമിച്ചതിന് രണ്ടുവർഷം തടവിനും ശിക്ഷിച്ചു. പിഴത്തുക സുദർശനന്റെ മക്കൾക്ക് തുല്യമായി നൽകണം. തടവുശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പ്രതി സർക്കാർ പുറമ്പോക്ക് ഭൂമി കൈയേറി ഷെഡ് നിർമ്മിച്ചതിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 2020 സെപ്റ്റംബർ 29നായിരുന്നു കേസിനാസ്പദമായ സംഭവം.
സുദർശനന്റെ മകൻ സുമേഷും ഭാര്യ സുവർണജയും മക്കളും കോളനിയിലെ നാല്സെന്റ് സ്ഥലത്ത് ഷെഡ് കെട്ടിയാണ് താമസിച്ചിരുന്നത്. പ്രളയത്തിൽ ഇത് തകർന്നതോടെ താമസം മാറി. നേരത്തെ താമസിച്ച സ്ഥലത്ത് പ്രതി ഷെഡ് പണിയുന്നതറിഞ്ഞ് സുദർശനനും മക്കളും എത്തിയതോടെ തർക്കമായി. ഇതിനിടെ പ്രതി ഇരുമ്പ് പൈപ്പുകൊണ്ട് സുദർശനന്റെ തലയ്ക്കു പിന്നിലടിച്ചു. മറ്റുള്ളവരേയും ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ സുദർശനൻ 2020 ഒക്‌ടോബർ നാലിന് ചികിത്സയിലിരിക്കെ മരിച്ചു.
മണ്ണഞ്ചേരി എസ്.എച്ച്.ഒ ആയിരുന്ന രവി സന്തോഷാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡിഷണൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ എസ്.എ. ശ്രീമോൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |