മഞ്ചേരി: പിഴയടയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഡ്രൈവറെ നടുറോഡിൽ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മഞ്ചേരി ട്രാഫിക് യൂണിറ്റിലെ പൊലീസ് ഡ്രൈവർ നൗഷാദിന് സസ്‌പെൻഷൻ. മലപ്പുറം വാറങ്ങോട് ചപ്പങ്ങക്കാട്ടിൽ ജാഫറിനെ പൊലീസുകാരൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സാമൂഹികമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി.
വെള്ളിയാഴ്ച രാവിലെ 11ഓടെ കച്ചേരിപ്പടി ബസ് സ്റ്റാൻഡിന് സമീപത്ത് വച്ചായിരുന്നു സംഭവം. കനറാ ബാങ്ക് എ.ടി.എമ്മിൽ പണം നിറച്ച് വാനിൽ തിരിച്ചു പോവുമ്പോഴാണ് പൊലീസ് കൈകാണിച്ച് നിറുത്തിയത്. കാക്കി യൂണിഫോം ധരിച്ചില്ലെന്ന കാരണത്താൽ പൊലീസ് 500 രൂപ പിഴ ചുമത്തി. 250 രൂപ അടയ്ക്കാമെന്നും ചെറിയ ശമ്പളക്കാരനായ തനിക്ക് 500 രൂപ അടയ്ക്കാനാകില്ലെന്നും ജാഫർ പറഞ്ഞതോടെയാണ് ഇരുവരും തമ്മിൽ തർക്കമായി. മർദ്ദിച്ച ശേഷം പൊലീസ് ജീപ്പിലേക്ക് വലിച്ചുകയറ്റി സ്റ്റേഷനിൽ കൊണ്ടുപോയി ഭീഷണിപ്പെടുത്തിയതായും പരാതിയില്ലെന്ന് എഴുതി വാങ്ങിച്ചതായും ജാഫറിന്റെ സഹോദരൻ പറയുന്നു. അടിയേറ്റ് ചെവിയുടെ ഭാഗത്ത് വേദന അനുഭവപ്പെട്ടതിനാൽ ജാഫർ മലപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മർദ്ദിച്ച പൊലീസുകാരനെതിരേ നടപടി ആവശ്യപ്പെട്ട് സഹോദരൻ പരാതി നൽകി.
സംഭവത്തിൽ രഹസ്യാന്വേഷണവിഭാഗം ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പൊലീസുകാരനെ വെള്ളിയാഴ്ച തന്നെ മലപ്പുറം ആംഡ് ഫോഴ്സ് ആസ്ഥാനത്തേക്ക് താത്കാലികമായി സ്ഥലംമാറ്റി. ഇന്നലെയാണ് സസ്‌പെൻഷൻ ഉത്തരവിറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |