മുംബയ്: മഹാരാഷ്ട്രയിൽ ബിസിനസ് തർക്കത്തിന്റെ പേരിൽ പ്രായപൂർത്തിയാകാത്ത മക്കളുടെ മുന്നിൽ വച്ച് ഓട്ടോഡ്രൈവറായ പിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. മൂന്നും പതിമൂന്നും വയസുള്ള ആൺമക്കളുടെ മുന്നിൽ വച്ചാണ് സയിദ് ഇമ്രാൻ ഷാഫിക്ക് എന്ന യുവാവിനെ കൊലപ്പെടുത്തിയത്.
ചത്രപതി സാംബാജി സിറ്റിയിലെ റെയിൽവേസ്റ്റേഷനടുത്ത് ബുധനാഴ്ചയാണ് സംഭവം നടന്നത്. യുവാവും ആൺമക്കളും ഓട്ടോയിൽ സഞ്ചരിച്ചപ്പോൾ സിൽക്ക് മിൽ കോളനി ഏരിയയിൽ വച്ചാണ് അക്രമി സംഘം സഞ്ചരിച്ച കാർ ഇവരെ തടഞ്ഞുനിർത്തിയത്. തുടർന്ന് ആറു പേരടങ്ങുന്ന സംഘം യുവാവിനെയും മക്കളെയും ഓട്ടോയിൽ നിന്ന് വലിച്ചിറക്കി ആയുധങ്ങൾ ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. ഷാഫിക്ക് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
തലക്കും കഴുത്തിനും തുടർച്ചയായി മർദ്ദിക്കുകയും വിരലുകളും കൈത്തണ്ടയും വെട്ടിമാറ്റുകയും ചെയ്തു. ശരീരത്തിൽ പലതവണ കുത്തി അവശനാക്കിയ ശേഷം യുവാവിനെ ഓവർബ്രിഡ്ജിനരികിൽ ഉപേക്ഷിച്ച് അക്രമിസംഘം കടന്നുകളഞ്ഞു. കൃത്യം നടന്ന് ഒമ്പത് മണിക്കൂറിനകം മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഗ്യാസ് ബിസിനസുമായി ബന്ധപ്പെട്ട മുൻ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |