തൃശൂർ: ബോധത്കരണം ശക്തമാക്കിയിട്ടും സൈബർ തട്ടിപ്പിലേക്ക് വീഴുന്നവരുടെ എണ്ണം കുറയുന്നില്ലെന്ന് പൊലീസ്. വീട്ടമ്മമാരാണ് തട്ടിപ്പിൽ പണം നഷ്ടപ്പെടുന്നവരിലേറെയും. വെർച്ച്വൽ അറസ്റ്റ് എന്നൊരു നടപടി ഇല്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടും ബാങ്ക് ഉദ്യോഗസ്ഥരടക്കം ഇപ്പോഴും ഇരയാകുന്നുണ്ട്. തട്ടിപ്പിനിരയായ നിരവധി പേർ പരാതി നൽകാൻ തയാറായി എന്നതാണ് ബോധവത്കരണം കൊണ്ടുണ്ടായ മെച്ചം. ബോധവത്കരണത്തിലൂടെ ആകെ കൂടിയത് പരാതികളാണെന്ന് സൈബർ പൊലീസ് പറയുന്നു. നിശ്ചിതസമയത്തിനുള്ളിൽ പരാതി നൽകാത്തതിനാൽ പണം തിരിച്ചുപിടിക്കാനും കഴിയാത്ത സാഹചര്യമാണ്.
നിർമിത ബുദ്ധി കുറ്റകൃത്യങ്ങളും വെല്ലുവിളിയാകുന്നുണ്ട്. എ.ഐ ഉപയോഗിച്ച് സ്വന്തക്കാരുടെ ശബ്ദത്തിൽ പണം ആവശ്യപ്പെട്ടുള്ള വിളികളിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ടവരുടെ എണ്ണം കൂടിവരികയാണ്. കള്ളപ്പണ ഭീഷണി, സൈബർ അറസ്റ്റ്, വ്യാജ ട്രേഡിംഗ് പ്ലാറ്റ്‌ഫോം തുടങ്ങിയ കുതന്ത്രങ്ങളിലൂടെ പണമപഹരിക്കുന്നതിനെതിരെ ബോധവത്കരണം ശക്തമായതോടെയാണ് എ.ഐ ഉപയോഗിച്ചുള്ള പുതിയ തട്ടിപ്പിന്റെ എണ്ണം കൂടിയത്.
6.5 കോടി തിരിച്ചുപിടിച്ചു
കേരളത്തിൽ സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായവർ നൽകിയ പരാതികളിൽ കഴിഞ്ഞ മാർച്ച് വരെ 286 പേർ അറസ്റ്റിലായി. ഇവരിൽ നിന്ന് 6.5 കോടി രൂപ തിരിച്ചുപിടിച്ച് പരാതിക്കാർക്ക് നൽകാനായി. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഉപയോഗിച്ച 61,361 ബാങ്ക് അക്കൗണ്ടുകൾ, 18,653 സിം കാർഡുകൾ, 59,218 മൊബൈൽ അക്കൗണ്ടുകൾ എന്നിവ മരവിപ്പിച്ചു. 26.26 കോടി രൂപ ബാങ്കുകളിൽ തടഞ്ഞുവച്ചു. ഈ കാലയളവിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് 9539 പരാതികൾ രജിസ്റ്റർ ചെയ്തു.
ബോധവത്കരണം കൊണ്ട് സൈബർ കുറ്റകൃത്യങ്ങൾ കുറയുന്നില്ല. പരാതി നൽകാൻ കൂടുതൽ പേർ എത്തുന്നുവെന്ന് മാത്രം. സമൂഹമാദ്ധ്യമ പോസ്റ്റുകൾ, വീഡിയോകൾ, ഡോക്യുമെന്ററികൾ എന്നിവയിലൂടെ ബോധവത്കരണം ശക്തമാക്കും.
-സൈബർ പൊലീസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |