തിരുവനന്തപുരം: ഫാസിസത്തിന്റെയും,നവ ഫാസിസത്തിന്റെയും വിശകലനത്തിൽ സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ നയം മാറ്റം മാർച്ച് 6നു കൊല്ലത്ത് തുടങ്ങുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിൽ ചർച്ചയാകും. സംഘപരിവാർ ശക്തികൾ നയിക്കുന്ന മോദി സർക്കാർ ഫാസിസ്റ്റോ,നവ ഫാസിസ്റ്റോ ആയി മറിയിട്ടില്ലെന്നാണ് പി.ബിയുടെ വിശദീകരണം. കാരാട്ട് പക്ഷം പിന്തുടരുന്ന കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിന്റെ തുടർച്ചയാണിതെന്ന വിലയിരുത്തൽ സി.പി.ഐയിൽ മാത്രമല്ല,സി.പി.എം അണികൾക്കിടയിലുമുണ്ട്.
മോദി സർക്കാരിൽ ഫാസിസ്റ്റ് പ്രവണതകൾ കണ്ടു തുടങ്ങുമ്പോൾ ഇടതു മതേതര ശക്തികൾ ഒറ്റക്കെട്ടായി ചെറുക്കേണ്ടതാണെന്നായിരുന്നു പാർട്ടി ജനറൽ സെക്രട്ടറിയായിരിക്കെ അന്തരിച്ച സീതാറാം യെച്ചൂരിയുടെ നിലപാട്. ഇതിൽ കോൺഗ്രസിനെയും സഹകരിപ്പിക്കണമെന്ന യെച്ചൂരിയുടെ നിലപാടിനെ കഴിഞ്ഞ രണ്ട് പാർട്ടി കോൺഗസിലും കാരാട്ട് പക്ഷം എതിർത്തിരുന്നു. ബി.ജെ.പി സർക്കാർ ഹിറ്റ്ലറുടെ രീതിയിലെത്തിയാലേ ഫാസിസ്റ്റെന്ന് വിളിക്കാനാവൂ എന്നാണോ കാരാട്ടിന്റെ വാദമെന്നായിരുന്നു അന്ന് യച്ചൂരിയുടെ ചോദ്യം. ഇപ്പോൾ അതേചോദ്യം ഉന്നയിക്കാൻ യെച്ചൂരിയില്ല. കേരള നേതൃത്വത്തിന്റെ പിന്തുണയും ഇക്കാര്യത്തിൽ കാരാട്ടിനുണ്ട്.
പാർട്ടി ദേശീയ കോ-ഓർഡിനേറ്ററായ കാരാട്ട് പാർട്ടിയിൽ വീണ്ടും അധീശത്വം സ്ഥാപിക്കുന്നതിന്റെ സൂചനയാണിത്. മധുരയിൽ ഏപ്രിലിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ പരിഗണിക്കേണ്ട കരട് രാഷ്ട്രീയപ്രമേയത്തിലെ നവ ഫാസിസ്റ്റ് പ്രവണതകൾ എന്ന പ്രയോഗത്തിനാണെന്നാണ് പി.ബിയുടെ വിശദീകരണം.
മോദി സർക്കാരിനെ
തള്ളിപ്പറയാതെ
മോദി സർക്കാരിൽ രാഷ്ട്രീയാധികാരം ആർ.എസ്.എസിന്റെ കൈകളിൽ ദൃഢപ്പെടുമ്പോൾ ഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്നുവെന്നേയുള്ളൂ. ഫാസിസമെന്ന് പറയണമെങ്കിൽ രാജ്യത്ത് ജനാധിപത്യം ഇല്ലാതാക്കപ്പെടണം. തിരഞ്ഞെടുപ്പ് ഉൾപ്പെടെ ഇല്ലാതാക്കി സ്വേഛാധിപത്യം നടപ്പാക്കണം. അതില്ലാത്ത സാഹചര്യത്തിൽ ഫാസിസ്റ്റ് സർക്കാരായി മുദ്ര കുത്താനാവില്ലെന്നാണ് പി.ബിയുടെ വ്യാഖ്യാനം. ഈ നയവ്യതിയാനം സി.പി.എമ്മിന് തിരുത്തേണ്ടി വരുമെന്നാണ് സി.പി.ഐ പറയുന്നത്. സി.പി.എം-ബി.ജെ.പി രഹസ്യ ബാന്ധവത്തിന് തെളിവായി കോൺഗ്രസ് പരിഹസിക്കുന്നു.
മുഖ്യ ശത്രുവാര്?
ദേശീയ രാഷ്ട്രീയത്തിൽ സി.പി.എമ്മിന്റെ മുഖ്യശത്രു ബി.ജെ.പിയാണോ അതോ കോൺഗ്രസാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ബി.ജെ.പിയെ തുറന്നെതിർക്കുന്നതിന് പകരം തലോടുന്ന സി.പി.എമ്മിന്റെ നിലപാട് ആരെ സഹായിക്കാനാണെന്നാണ് കോൺഗ്രസും സി.പി.ഐയും ഉയർത്തുന്ന മറ്റൊരു ചോദ്യം. വിശേഷിച്ച് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പല സംസ്ഥാനങ്ങളിലും ഇന്ത്യാ മുന്നണിയുമായി സി.പി.എം സഖ്യത്തിലേർപ്പെട്ട സാഹചര്യത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |