കോഴിക്കോട്: മരണാനന്തര അവയവദാനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ ഡോക്ടർമാർക്ക് പ്രത്യേക പരിശീലനം നൽകും. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിൽ 20ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് പരിശീലനം. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഇതുമായി ബന്ധപ്പെട്ട ഡോക്ടർമാർ പങ്കെടുക്കും.
വിദഗ്ദ്ധ ഡോക്ടർമാർ, അഭിഭാഷകർ എന്നിവർ ക്ളാസുകൾ നയിക്കും. മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നത് സംബന്ധിച്ച് ഉയരുന്ന നിയമപ്രശ്നങ്ങളും ആശുപത്രികൾ മരണം സ്ഥിരീകരിക്കുന്നത് കുറയുന്നതുമൂലം സംസ്ഥാനത്ത് അവയവദാനം കുറഞ്ഞുവരുന്നതും കണക്കിലെടുത്താണ് പ്രത്യേക പരിശീലനം നൽകുന്നത്.
മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ, ബന്ധുക്കളെ അവയവദാനത്തിന്റെ പ്രാധാന്യം മനസിലാക്കിക്കൽ, നിയമ വശങ്ങൾ തുടങ്ങിയവ നവീകരിച്ച് പൊതുവായ ചട്ടക്കൂടുണ്ടാക്കാനും ലക്ഷ്യമിടുന്നു.
വിവിധ തലങ്ങളിൽ ക്ളാസ്
1. നാലുപേരടങ്ങുന്ന ഡോക്ടർമാരുടെ സംഘമാണ് മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നത്. പരിശീലനം ലഭിച്ച ഡോക്ടർമാർ കുറവായതും ബന്ധുക്കളെ വ്യക്തമായി പറഞ്ഞ് മനസിലാക്കിക്കാൻ സാധിക്കാത്തതും അവയവദാനം കുറയാൻ കാരണമാകുന്നു. ഇത് പരിഹരിക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം.
2. മസ്തിഷ്കമരണം സ്ഥിരീകരിക്കുന്ന പ്രക്രിയ വീഡിയോയിൽ പകർത്തുന്നത്, ന്യൂറോ മസ്‌കുലർ തടസമുണ്ടോ എന്ന് പരിശോധിക്കാനായി പെരിഫെറൽ നെർവ് സ്റ്റിമുലേഷൻ ടെസ്റ്റ്, ബന്ധുക്കളുടെ സമ്മതം പ്രത്യേക ഫോമിൽ രേഖപ്പെടുത്തുന്ന നടപടിക്രമങ്ങൾ തുടങ്ങി വിവിധ തലങ്ങളിലാണ് പരിശീലനം
''പരിശീലനത്തിലൂടെ ഡോക്ടർമാർക്ക് ആത്മവിശ്വാസം നൽകുകയാണ് പ്രധാന ലക്ഷ്യം
-ഡോ. നോബിൾ ഗ്രേഷ്യസ്,
എക്സിക്യൂട്ടീവ് ഡയറക്ടർ,
കെ-സോട്ടോ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |