മലപ്പുറം: ഡ്രൈവർ മദ്യപിച്ച് ബോധരഹിതനായി ബോണറ്റിൽ തലചായ്ച്ചുറങ്ങി. യാത്രക്കാർ നടുറോഡിൽ കുടുങ്ങിയത് അഞ്ചുമണിക്കൂറോളം. കഴിഞ്ഞ മാസം 31ന് രാത്രി തിരുനെല്ലിയിലാണ് സംഭവം. വഴിക്കടവ്- ബംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ടൂറിസ്റ്റ് ബസ് ഡ്രൈവറാണ് അമിത മദ്യപാനത്തെത്തുടർന്ന് ഛർദിച്ച് ബോധരഹിതനായത്.
ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുറ്റ്യാടി ചുരം എത്തിയപ്പോൾ മുതൽ ഇയാൾ മദ്യലഹരിയിലായിരുന്നോയെന്ന് പലർക്കും സംശയം തോന്നിയിരുന്നു. അവിടെ വച്ച് ചില വാഹനങ്ങളിൽ ബസ് ഉരസിയിരുന്നു. തുടർന്ന് യാത്രക്കാർ പൊലീസിനെ വിവരമറിയിച്ചു. തിരുനെല്ലിയിൽ നിന്ന് പൊലീസ് സംഘം എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
ബസ് ഓടിച്ചിരുന്നത് സ്ഥിരം ഡ്രൈവറല്ലെന്നും താത്കാലിക ഡ്രൈവറായിരുന്നുവെന്നുമാണ് കർണാടക ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസിയുടെ വിശദീകരണം. മറ്റൊരു ഡ്രൈവറെത്തിയാണ് യാത്രക്കാരെ ബംഗളൂരുവിലെത്തിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് ബസിലുണ്ടായിരുന്നത്. ബംഗളൂരു സ്വദേശിയാണ് ഡ്രൈവർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |