
ചെറുതോണി (ഇടുക്കി): സ്കൂൾ ബസിൽ നിന്നിറങ്ങി ക്ളാസിലേക്ക് പോകവേ മറ്റൊരു ബസിടിച്ച് നാലു വയസുകാരിക്ക് ദാരുണാന്ത്യം. സഹപാഠിയായ മൂന്നര വയസുകാരിക്ക് സാരമായി പരിക്കേറ്റു. ഇന്നലെ രാവിലെ ഒൻപതിന് സ്കൂൾ മുറ്റത്തായിരുന്നു ദാരുണ സംഭവം. വാഴത്തോപ്പ് ഗിരിജ്യോതി സി.എം.ഐ പബ്ലിക് സ്‌കൂളിലെ പ്ലേ സ്‌കൂൾ വിദ്യാർത്ഥിനി വാഴത്തോപ്പ് പറപ്പള്ളിൽ ബെൻ ജോൺസൺ- ജീവ ദമ്പതികളുടെ മകൾ ഹെയ്സൽ ബെന്നാണ് മരിച്ചത്.
ബസിന്റെ ടയർ കയറിയിറങ്ങി കാലിന് സാരമായി പരിക്കേറ്റ തടിയമ്പാട് കുപ്പശേരിൽ ആഷിക്കിന്റെയും ഡോ. ജെറി മുഹമ്മദിന്റെയും മകൾ ഇനായ തെഹ്സിനെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
17-ാം നമ്പർ സ്‌കൂൾ ബസിൽ നിന്നിറങ്ങി ഹെയ്സലും ഇനായയും നിറുത്തിയിട്ടിരുന്ന 19-ാം നമ്പർ ബസിന് മുമ്പിലൂടെ എതിർദിശയിലെ പ്ലേ സ്‌കൂൾ കെട്ടിടത്തിലേക്ക് പോകുകയായിരുന്നു. അതിനിടെ 19-ാം നമ്പർ ബസ് പെട്ടെന്ന് മുന്നോട്ട് എടുത്തതാണ് അപകടത്തിന് ഇടയാക്കിയത്.
ഹെയ്സലിന്റെ തലയിലൂടെ ബസിന്റെ ഇടതുവശത്തെ മുൻചക്രം കയറിയിറങ്ങി തത്ക്ഷണം മരിച്ചു. സംസ്‌കാരം ഇന്നു രാവിലെ 11ന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.
ഡ്രൈവർ കസ്റ്റഡിയിൽ
അപകടത്തിന് ഇടയാക്കിയ ബസിന്റെ ഡ്രൈവർ മധുമന്ദിരം ശശിയെ (53) പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, അപകടത്തിന്റെ ഉത്തരവാദിത്വം സ്‌കൂൾ മാനേജ്‌മെന്റ് ഏറ്റെടുക്കുന്നുവെന്ന് പ്രിൻസിപ്പൽ ഫാ. ജോമിയും പി.ടി.എ പ്രസിഡന്റ് ഡോ. സിബി ജോർജും പറഞ്ഞു. സാധാരണ ആയമാരാണ് കുട്ടികളെ ക്ലാസിൽ എത്തിക്കുന്നത്. ഇന്നലെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്നും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |