തിരുവനന്തപുരം:വായ്പ മുടങ്ങി ആകെയുള്ള കിടപ്പാടം ജപ്തി ചെയ്യുന്ന സ്ഥിതിയുണ്ടായാൽ സർക്കാർ ഏറ്റെടുത്ത് ബാദ്ധ്യത തീർക്കും. ഇതിന് അനുമതി നൽകുന്ന നിയമനിർമ്മാണ ബില്ലിന് ഇന്നലെ നിയമസഭ അംഗീകാരം നൽകി.രാജ്യത്താദ്യമായാണ് ഇത്തരത്തിൽ ബിൽ പാസാക്കുന്നത്. ഗവർണർ ഒപ്പുവെച്ചാൽ പാവപ്പെട്ടവർക്ക് പ്രയോജനം കിട്ടുമെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി നിയമസഭയിൽ ബിൽ അവതരിപ്പിച്ച നിയമമന്ത്രി പി.രാജീവ് പറഞ്ഞു.
നിരവധി ബില്ലുകൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ ചാരിതാർത്ഥ്യം നൽകുന്നത് ഈ ബില്ലാണെന്ന് അദ്ദേഹം പറഞ്ഞു.പ്രതിപക്ഷ അഭാവത്തിൽ ഏകകണ്ഠമായാണ് സഭ ബിൽ അംഗീകരിച്ചത്.
പത്തുലക്ഷം വരെയുള്ള കുടിശികയാണ് സർക്കാർ ഏറ്റെടുക്കുക. ഇതിനായി സംസ്ഥാന ജില്ലാ തലങ്ങളിൽ പരിശോധനാസിതികളുണ്ടാകും. ഈ സമിതി ബാങ്കുകളുമായി ഒത്തുതീർപ്പ് ചർച്ച നടത്തി ജപ്തി ഒഴിവാക്കും.ഒരു പോംവഴിയുമില്ലെങ്കിലാണ് സർക്കാർ പണം നൽകി വായ്പ തീർത്ത് കിടപ്പാടം ഏറ്റെടുക്കുക. ഇത് പിന്നീട് മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഉടമകൾക്ക് തിരിച്ചുനൽകും. ഒരു കിടപ്പാടം മാത്രമുള്ള,മറ്റ് വസ്തുവൊന്നുമില്ലാത്ത, വാർഷികവരുമാനം മൂന്ന് ലക്ഷത്തിൽ താഴെയുള്ള കുടുംബങ്ങൾക്കാണ് ഇതിന്റെ പ്രയോജനം കിട്ടുക.രാജ്യത്ത് സർഫ്രാസി ആക്ട് വന്നതോടെ മനുഷ്യത്വരഹിതമായ ജപ്തി വ്യാപകമാകുകയും നിരവധിയാളുകൾ ഗതിയില്ലാതെ ആത്മഹത്യ ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് സർക്കാർ ഈ ബില്ല് കൊണ്ടുവരുന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |