
ന്യൂഡൽഹി: കേരള, പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് ചർച്ച ചെയ്യുന്ന ഒരു ദിവസത്തെ സി.പി.എം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് രാവിലെ ഡൽഹിയിൽ ചേരും. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയനും എ. വിജയരാഘവനും മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും.
ഭരണത്തുടർച്ച ഉറപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തിരഞ്ഞെടുപ്പിൽ നേതൃത്വം നൽകുമെന്ന് പാർട്ടി വ്യക്തമാക്കിയതിനാൽ ധർമ്മടത്ത് മുഖ്യമന്ത്രിയുടെ സ്ഥാനാർത്ഥിത്വത്തിന്റെ കാര്യത്തിൽ സംശയമില്ല. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മത്സരിക്കില്ലെന്ന സൂചനയുണ്ട്. അങ്ങനെയെങ്കിൽ പിബി അംഗമായ വിജയരാഘവനെ മത്സരിപ്പിച്ചേക്കും. വിജയരാഘവൻ വന്നാൽ ഭാര്യയും മന്ത്രിയുമായ ആർ.ബിന്ദു മാറി നിന്നേക്കും.മന്ത്രിമാരായ പി. രാജീവ്, കെ.എൻ. ബാലഗോപാൽ, മുൻ മന്ത്രി കെ.കെ. ശൈലജ എന്നിവർക്കൊപ്പം കേന്ദ്ര കമ്മിറ്റിയിൽ നിന്ന് മുൻ മന്ത്രി തോമസ് ഐസക്, സി.എസ്. സുജാത എന്നിവരും മത്സരിക്കാനിടയുണ്ട്. ശൈലജ മത്സരിക്കുന്ന കാര്യത്തിൽ കേന്ദ്ര കമ്മിറ്റി തീരുമാനം നിർണായകമായിരിക്കും.
ശബരിമല സ്വർണക്കൊള്ള, ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങളടക്കം എതിർ ഘടകങ്ങൾ മറി കടന്ന് തുടർ ഭരണം ഉറപ്പിക്കാനുള്ള തന്ത്രങ്ങളും ചർച്ചയാകും. സി.പി.എം ശക്തികേന്ദ്രമായിരുന്ന പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും പി.ബി ചർച്ച ചെയ്യും. പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് ധാരണ അവസാനിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ച സാഹചര്യത്തിൽ ഒറ്റയ്‌ക്കാണ് മത്സരിക്കേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |