ന്യൂഡൽഹി: കാർഷികാഭിവൃദ്ധിക്ക് 35,440 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 24,000 കോടിയുടെ പ്രധാനമന്ത്രി ധൻധാന്യ കൃഷി യോജന, 11,440 കോടിയുടെ ദൽഹൻ ആത്മനിർഭരത മിഷൻ എന്നിവയാണ് ഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉദ്ഘാടനം ചെയ്തത്. 2030ൽ സ്വയംപര്യാപ്തതയാണ് ലക്ഷ്യം.
മൃഗസംരക്ഷണം, ഫിഷറീസ്, ഭക്ഷ്യസംസ്‌കരണം എന്നിവയ്ക്ക് 5450 കോടിയുടെ പദ്ധതികളും ഉദ്ഘാടനം ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ 815 കോടിയുടെ വികസനത്തിന് തറക്കല്ലുമിട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകരുമായി മോദി സംവദിച്ചു. രാജ്യത്തിന്റെ വികസനയാത്രയിൽ കാർഷികമേഖലയ്ക്കാണ് മുഖ്യസ്ഥാനം. ദീർഘകാലം അവഗണന നേരിട്ട കാർഷികമേഖല കഴിഞ്ഞ 11 വർഷമായി അഭിവൃദ്ധിയുടെ പാതയിലാണെന്നും മോദി പറഞ്ഞു. കേന്ദ്ര മന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാൻ, രാജീവ് രഞ്ജൻ സിംഗ്, ഭഗീരഥ് ചൗധരി എന്നിവരും പങ്കെടുത്തു.
100 ജില്ലകളിൽ മുന്നേറ്റം
കാർഷികോത്പാദനം കുറഞ്ഞ 100 ജില്ലകൾ തിരഞ്ഞെടുത്ത് വികസിപ്പിക്കുന്നതാണ് ധൻധാന്യ യോജന
ഉത്പാദനം വർദ്ധിപ്പിക്കൽ, ജലസേചനവും സംഭരണ സൗകര്യവും ഒരുക്കൽ, വായ്പകൾ എന്നിവയ്ക്ക് ഊന്നൽ
പയറുവർഗങ്ങളുടെ ഉത്പാദനത്തിൽ സ്വയംപര്യാപ്തതയാണ് ദൽഹൻ ആത്മനിർഭരത മിഷന്റെ ലക്ഷ്യം
2030 ആകുമ്പോഴേക്കും രാജ്യത്ത് പയറുവർഗങ്ങളുടെ ഉത്പാദനം 350 ലക്ഷം ടണ്ണാക്കി ഉയർത്തും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |