
തിരുവനന്തപുരം; ബാങ്ക് ഓഫ് ബറോഡയുടെ ഫോർട്ട് ശാഖയിലെത്തിയ റിട്ട. ഉദ്യോഗസ്ഥനും ശ്രീവരാഹം സ്വദേശിയുമായ എഴുപത്തിനാലു കാരന് വല്ലാത്ത പരവേശം. സ്ഥിരനിക്ഷേപമായ പത്തു ലക്ഷം ഉടൻ പിൻവലിക്കണം. പെരുമാറ്റത്തിലെ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ട മാനേജർ എന്ത് ആവശ്യത്തിനെന്ന് ചോദിച്ചപ്പോൾ വീടു നിർമ്മാണത്തിനെന്ന് മറുപടി. ആരുടെ അക്കൗണ്ടിലേക്കെന്ന് ആരാഞ്ഞപ്പോൾ, മറ്റൊരു സംസ്ഥാനത്തേക്ക് എന്ന് വിശദീകരണം. അപകടം മണത്ത മാനേജർ അടുത്ത ദിവസം വരാൻ പറഞ്ഞശേഷം വിവരം സൈബർ പൊലീസിനെ അറിയിച്ചു.
ഇതോടെ പൊളിഞ്ഞത് ഫോണിലൂടെ വെർച്വൽ അറസ്റ്റിലായെന്ന് പറഞ്ഞ്
അഞ്ചു ദിവസം ഭീഷണിപ്പെടുത്തിയതും പത്തു ലക്ഷം തട്ടിയെടുക്കാനും നടത്തിയ ശ്രമം.
പിറ്റേ ദിവസം ബാങ്കിലെത്തിയ വയോധികൻ സൈബർ പൊലീസുകാരൻ കള്ളപ്പണകേസിൽ തന്നെ അറസ്റ്റു ചെയ്യാൻ വന്നതാണെന്ന് തെറ്റിദ്ധരിച്ചത് പൊലീസിനെ വെള്ളം കുടിപ്പിച്ചു. അതുവരെ ഉണ്ടായ സംഭവങ്ങൾ വെളിപ്പെടുത്താൻ തയ്യാറായില്ല.സ്റ്റേഷനിലേക്ക് കൊണ്ടുപോയി മണിക്കൂറുകളോളം സംസാരിച്ചാണ് അനുനയിപ്പിച്ചത്. അതിനുശേഷമാണ് ഫോൺ കൈമാറിയതും വിവരങ്ങൾ വെളിപ്പെടുത്തിയതും. വെർച്വൽ തട്ടിപ്പുകാർ ഫോണിൽ പൊലീസുകാരെ കണ്ടതോടെ ഫോൺ കട്ട് ചെയ്തു മുങ്ങി. അതുവരെ അയച്ച വാട്സ് ആപ്പ് ചാറ്റുകൾ നശിപ്പിക്കുകയും ചെയ്തു.
ചോദിച്ചത് ഒന്നര കോടി
ഡിസംബർ 17 നാണ് തട്ടിപ്പുകാർ ആദ്യം ഫോൺ വിളിച്ചത്. കള്ളപ്പണ ഇടപാടും ദേശ വിരുദ്ധ പ്രവർത്തനവും നടത്തിയതിനാൽ മുംബയ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തതായി കാണിച്ചായിരുന്നു വാട്സ് ആപ്പ് കോൾ എത്തിയത്. സംഭവം രഹസ്യമാക്കി വയ്ക്കാൻ കർശന നിർദേശവും നൽകി. 24 മുതൽ തുടരെത്തുടരെ കോൾ എത്തി. നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അഞ്ചാമനായ ശ്രീവരാഹം സ്വദേശി വെർച്വൽ അറസ്റ്റിലാണെന്നു ം അറിയിച്ചു.നാല് പ്രതികൾക്കൊപ്പം അഞ്ചാമനായി അദ്ദേഹം നിൽക്കുന്ന ഫോട്ടോയും അയച്ചുകൊടുത്തു.
യഥാർത്ഥ അറസ്റ്റ് നടത്താൻ സുപ്രീം കോടതി ഉത്തരവുണ്ടെന്നും കേസിൽ നിന്നു രക്ഷപെടാൻ പിഴയായി ഒന്നരക്കോടി രൂപ റിസർവ് ബാങ്കിലേക്ക് അടക്കണമെന്നും കാട്ടി ആർ.ബി.ഐ യുടെ ലെറ്ററും അയച്ചുകൊടുത്തു. ഉത്തർപ്രദേശിലെ മുറാദാബാദിലെ അക്കൗണ്ട് നമ്പർ നൽകുകയും ചെയ്തു.
സ്ഥിര നിക്ഷേപമായി ഇട്ടിട്ടുള്ള 10 ലക്ഷം രൂപ മാത്രമേയുള്ളൂവെന്ന് അവരോട് പറഞ്ഞു. അത് അയച്ചുകൊടുത്താൽ തത്കാലം കേസിൽ നിന്നു ഒഴിവാക്കാമെന്ന് പറഞ്ഞു. അതനുസരിച്ചാണ് ബാങ്കിൽ എത്തിയത്. വീട്ടിൽ ദമ്പതികൾ മാത്രമാണ് താമസം. സംഭവം പുറത്തറിയേണ്ടെന്ന് പറഞ്ഞതിനാൽ പൊലീസ് കേസ് എടുത്തിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |