
കൊച്ചി: ദക്ഷിണേന്ത്യയിലും യു.എ.ഇയിലും സിംഗപ്പൂരിലുമായി പന്തലിച്ച കോൺഫിഡന്റ് ഗ്രൂപ്പിനെ ആത്മവിശ്വാസത്തോടെ പുതിയ ഉയരങ്ങളിലേക്ക് നയിച്ച വ്യവസായ പ്രമുഖനായിരുന്നു ഇന്നലെ വിടവാങ്ങിയ ഡോ. സി. ജെ റോയ്. തൃശൂർ ചാവക്കാട് വേരുകളുള്ള സി.ജെ റോയ് കേരളത്തിൽ ജനിച്ചെങ്കിലും വളർന്നതും പഠിച്ചതും ബംഗളൂരും ഫ്രാൻസിലും സ്വിറ്റ്‌സർലൻഡിലുമാണ്. 'ഫോർച്യൂൺ 500' കമ്പനിയായ ഹ്യൂലറ്റ് ആൻഡ് പക്കാർഡിലെ ജോലി രാജിവച്ചാണ് ഇന്ത്യയിൽ സ്വന്തം കമ്പനിയ്ക്ക് 2006ൽ തുടക്കമിട്ടത്. ഏഴ് പേരുമായി ചേർന്ന് ബംഗളൂരുവിൽ നൂറ് കോടി പ്രാരംഭ നിക്ഷേപവുമായി റിയൽ എസ്‌റ്റേറ്റ് രംഗത്ത് തുടക്കമിട്ട കോൺഫിഡന്റ് ഗ്രൂപ്പ് അടുത്ത ഘട്ടത്തിൽ കൊച്ചി, ദുബായ് എന്നിവിടങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. ഇരുപത് വർഷത്തിനിടെ അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ഹോസ്‌പിറ്റാലിറ്റി, റീട്ടെയിൽ ആൻഡ് ഇന്റർനാഷണൽ, എന്റർടെയിൻമെന്റ്, ഗോൾഫിംഗ് തുടങ്ങിയ മേഖലകളിലും ഗ്രൂപ്പ് സാന്നിദ്ധ്യം ശക്തമാക്കി. ബിസിനസ് രംഗത്തിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമാണ്. സ്ളോവാക് റിപ്പബ്ളിക്കിന്റെ ഓണററി കോൺസലായും അദ്ദേഹത്തെ നിയമിച്ചിരുന്നു.
കോൺഫിഡന്റ് റെസിഡൻഷ്യലിന്റെ കീഴിൽ ആരംഭിച്ച ലൈഫ്സ്‌റ്റൈൽ പ്ളസ്, കോൺഫി ലൂക്‌സേ, സ്‌മൈൽ ഹോംസ് എന്നീ ബ്രാൻഡഡ് പദ്ധതികൾ ഉപഭോക്താക്കൾക്ക് നവീന അനുഭവമാണ് സമ്മാനിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളിൽ ദക്ഷിണേന്ത്യയിലെയും യു.എ.ഇയിലെയും പ്രീമിയം പ്രോപ്പർട്ടി ഡെവലപ്പർ ബ്രാൻഡായി കോൺഫിഡന്റിനെ ഉയർത്താനും ഡോ. റോയിക്ക് കഴിഞ്ഞു. കടരഹിത ബിസിനസ് മോഡൽ റിയൽ എസ്‌റ്റേറ്റ് മേഖലയിൽ വിജയകരമായി പ്രാവർത്തികമാക്കുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞു.
സാമ്പത്തിക മാന്ദ്യം അതിജീവിച്ച കരുത്ത്
ലോകത്തെ വിറപ്പിച്ച ആഗോള സാമ്പത്തിക മാന്ദ്യത്തെ ദൃഢനിശ്ചയത്തോടെ നേരിട്ടാണ് കോൺഫിഡന്റ് ഗ്രൂപ്പ്രന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. റോയി ബിസിനസ് സാമ്രാജ്യം വളർത്തിയത്. പ്രതിസന്ധി രൂക്ഷമായ കാലത്ത് ആത്മവിശ്വാസത്തോടെ റിയൽ എസ്‌റ്റേറ്റ് രംഗത്ത് മുതൽ മുടക്കാനും ബിസിനസ് വ്യാപിക്കാനും കഴിഞ്ഞത് പിൽക്കാലത്ത് ഗ്രൂപ്പിന് വലിയ നേട്ടമായി. ബംഗളൂരിലെ സർജാപൂരിൽ ഏക്കറിന് ആറ് ലക്ഷം രൂപയ്ക്ക് വാങ്ങിക്കൂട്ടിയ ഭൂമിയുടെ മൂല്യം പിന്നീട് പതിന്മടങ്ങ് വർദ്ധിച്ചു.
മൊത്തം ആസ്തി
9,500 കോടി രൂപ
ഇതുവരെ ഗ്രൂപ്പ് പൂർത്തിയാക്കിയ പദ്ധതികൾ
210+
ഉപഭോക്താക്കൾ
23,100+
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |