
തിരുവനന്തപുരം: ഗൃഹസന്ദർശനത്തിനിടെ താൻ ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവച്ച സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകൾ സംസ്കാര ശൂന്യതയും ഉള്ളിൽ ഉറച്ചുപോയ ഫ്യൂഡൽ മനോഭാവവുമാണ് വെളിച്ചത്തു കൊണ്ടുവരുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവയ്ക്കുക എന്നത് പുതിയ കാര്യമല്ല. ഡൽഹിയിലെ എ.കെ.ജി ഭവനിലായാലും തിരുവനന്തപുരത്തെ എ.കെ.ജി സെന്ററിലായാലും അത് ഞങ്ങളുടെ രീതിയാണ്. പാചകമടക്കമുള്ള ജോലികൾ അന്തസോടെ ചെയ്യുന്ന വ്യക്തിയാണ് ബേബി സഖാവെന്നും മന്ത്രി ഓർമ്മിപ്പിച്ചു. തൊഴിലിന്റെ മഹത്വവും ലിംഗസമത്വവും കുട്ടികളെ പഠിപ്പിക്കുന്ന കേരളത്തിലെ ഒന്നാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ 'അച്ഛൻ മുറ്റമടിച്ചാലും അമ്മ മുറ്റമടിച്ചാലും ചൂല് പിണങ്ങില്ല" എന്ന് വ്യക്തമാക്കുന്നുണ്ട്. സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യുന്നത് അഭിമാനമാണെന്നും അധ്വാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് ലിംഗഭേദമില്ലാതെ എല്ലാ ജോലികളും ചെയ്യാൻ മടിയില്ലാത്തവരായി പുതിയ തലമുറ വളരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |