
കൊല്ലം: അടുത്തവർഷംമുതൽ പത്താംക്ലാസിലെ സിലബസ് 25ശതമാനം കുറയ്ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. തേവലക്കരയിൽ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാർത്ഥി മിഥുന്റെ കുടുംബത്തിന് കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് നിർമ്മിച്ചുനൽകിയ വീടിന്റെ താക്കോൽദാനം നിർവഹിച്ച് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പത്താംക്ളാസിലെ സോഷ്യൽസയൻസ് സിലബസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് മൂന്നുകുട്ടികൾ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
'പത്താംക്ലാസിലെ സിലബസ് കൂടുതലാണെന്ന് കുട്ടികൾക്ക് പൊതുവിലുള്ള പരാതിയാണ്. അതിനാൽ അടുത്തവർഷത്തെ സിലബസിൽ ഇപ്പോൾ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിൽ 25 ശതമാനം കുറയും എന്നുള്ള കാര്യംകൂടി ഞാൻ പറയുകയാണ്. അത് കരിക്കുലം കമ്മിറ്റി അംഗീകരിച്ചുകഴിഞ്ഞു. ഉള്ളടക്കത്തിൽ വലിയ വ്യത്യാസമൊന്നും ഉണ്ടാവില്ല. പക്ഷേ, വലിപ്പം 25 ശതമാനം കുറയും'- മന്ത്രി പറഞ്ഞു.
മിഥുന്റെ കുടുംബത്തിന് കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് നിർമ്മിച്ചുനൽകിയ വീടിന്റെ താക്കോൽദാനവും മന്ത്രി നിർവഹിച്ചു. വീടുനിർമ്മിച്ചുനൽകുമെന്ന് പറഞ്ഞ് കാശുപിരിച്ചശേഷം വീടുനിർമ്മിക്കാത്തവരുള്ള കാലത്താണ് മിഥുന്റെ കുടുംബത്തിന് വീടുവച്ചുനൽകിയതെന്ന് പറഞ്ഞ മന്ത്രി മിഥുന്റെ മാതാപിതാക്കളിൽ ആർക്കെങ്കിലും തേവലക്കര സ്കൂളിൽ ജോലി നൽകണമെന്നും അഭ്യർത്ഥിച്ചു. വിചാരിച്ചതിലും മുമ്പ് വീടിന്റെ പണികൾ തീർക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു. മിഥുന്റെ പിതാവാണ് താക്കാേൽ ഏറ്റുവാങ്ങിയത്.
മിഥുന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള നാലുസെന്റ് സ്ഥലത്ത് 20 ലക്ഷം രൂപ ചെലവഴിച്ച് മൂന്ന് കിടപ്പുമുറികൾ, ബാത്ത്റൂം, വായനമുറി, വരാന്ത എന്നിവ ഉൾപ്പെടെ ആധുനിക സൗകര്യങ്ങളോടെ 1000 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് പൂർത്തീകരിച്ചത്. 2025 ഓഗസ്റ്റ് 10ന് മന്ത്രി ശിവൻകുട്ടിതന്നെയാണ് ശിലാസ്ഥാപനം നിർവഹിച്ചതും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |