SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.50 PM IST

12 വർഷം നീണ്ട കിടപ്പ് ജീവിതം അവസാനിച്ചു: മൈക്കൽ ഷൂമാക്കർ വീൽചെയറിൽ സഞ്ചരിക്കുമെന്ന് വിവരം

Increase Font Size Decrease Font Size Print Page
michael-schumacher

മ്യൂണിച്ച്: ഇതിഹാസ ഫോർമുല വൺ കാറോട്ട താരം മൈക്കൽ ഷൂമാക്കറിന് നീണ്ട കാലത്തെ ചികിത്സയ്‌ക്കൊടുവിൽ ആരോഗ്യം ഭേദപ്പെട്ട് വരുന്നതായി വിവരം. ഐസ് സ്‌കീയിംഗിനിടെ പാറയിൽ തലയിടിച്ച് കഴിഞ്ഞ 12 വർഷമായി കിടപ്പിലായിരുന്ന താരം ഇപ്പോൾ ചെറിയ‌തോതിൽ‌ കിടക്ക വിട്ട് എഴുന്നേറ്റ് ചാരി ഇരിക്കുകയും തന്റെ വസതിയിൽ വീൽചെയറിൽ സഞ്ചരിക്കുകയും ചെയ്യുന്നുണ്ടെന്നാണ് സൂചന. ഇതിന്റെ ചിത്രങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്നാൽ വിശ്വസ്‌ത കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഡെയിലി മെയിൽ അടക്കം അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

2013ൽ ഫ്രഞ്ച് ആൽപ്‌സിലെ മെറിബെൽ റിസോർട്ടിൽ വച്ച് മഞ്ഞിൽ മകനൊപ്പം സ്‌കീയിംഗ് നടത്തുമ്പോഴാണ് ദുരന്തമുണ്ടായത്. ഹെൽമറ്റ് ധരിച്ചാണ് മഞ്ഞിൽ തെന്നിനീങ്ങുന്ന വിനോദത്തിൽ ഏർപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഹെൽമറ്റ് തകർന്നുപോയിരുന്നു. ജെനേവ തടാകത്തിന് സമീപം താരത്തിന്റെ 50 മില്യൺ യൂറോ വിലവരുന്ന വീട്ടിലാണ് ഷൂമാക്കർ ഇപ്പോഴുള്ളത്. മൂന്ന് പതിറ്റാണ്ടായി ഒപ്പമുള്ള ഭാര്യ കൊറീനയുടെ ശക്തമായ പിന്തുണയും സഹായവുമാണ് ഷൂമാക്കറിന് ലഭിക്കുന്നത്. ഏഴ് തവണ ഫോർമുല വൺ കാറോട്ട മത്സരങ്ങളിൽ ചാമ്പ്യനായിരുന്നു ഷൂമാക്കർ.

24 മണിക്കൂറും ഡോക്‌ടർമാരും നഴ്‌സുമാരുമടങ്ങുന്ന വിദഗ്ദ്ധ മെഡിക്കൽ സംഘം താരത്തിനൊപ്പമുണ്ട്. ഇവർ താരത്തിന്റെ നാഡീവ്യവസ്ഥയുടെ വിദഗ്ദ്ധ ചികിത്സയടക്കം നടത്തുന്നുണ്ട്. ചികിത്സയുടെ ഫലമായി ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഷൂമാക്കറിന് ഇപ്പോൾ ബോദ്ധ്യമുണ്ടെന്നാണ് ഡോക്‌ടർമാർ പറയുന്നത്. കണ്ണിമ ചിമ്മുന്നതല്ലാതെ മറ്റൊന്നും തിരിച്ചറിയാനാകാത്ത കോമ അവസ്ഥയിലാണ് ഷൂമാക്കർ എന്ന് മുൻപ് റിപ്പോർട്ട് വന്നിരുന്നു. ഇതിനെ തള്ളുന്നതും ആശാവഹവുമാണ് ഇപ്പോഴത്തെ വിവരം. എന്നാൽ മസ്‌തിഷ്‌കത്തിൽ പരിക്കേറ്റ ഷൂമാക്കർക്ക് ജീവിതത്തിൽ പുരോഗതിക്കായി ഇനിയും ഏറെ ചികിത്സ വേണമെന്നുമാണ് സൂചന. കഴിഞ്ഞ 12 വർഷമായുള്ള താരത്തിന്റെ ഒരു ചിത്രവും കുടുംബം പുറത്തുവിട്ടിട്ടില്ല.

TAGS: NEWS 360, SPORTS, MICHAEL SCHUMACHER, NOT BED RIDDEN, BACK TO LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY