
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ദിണ്ഡിഗൽ സ്വദേശി ഡി മണിക്ക് (ഡയമണ്ട് മണി) ബന്ധമില്ലെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). ഹൈക്കോടതിയിൽ നൽകിയ അന്വേഷണ പുരോഗതി റിപ്പോർട്ടിലാണ് ഡി മണിക്ക് എസ്‌ഐടി ക്ളീൻ ചിറ്റ് നൽകിയത്. ശബരിമലയിലെ സ്വർണപ്പാളികൾ വിദേശത്തേക്ക് കടത്തിയെന്ന പ്രവാസി വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡി മണിയെ എസ്‌ഐടി ചോദ്യം ചെയ്തത്. എന്നാൽ മണിക്ക് പ്രവാസിയുമായുള്ള ബന്ധം വ്യക്തമാക്കാനാവശ്യമായ തെളിവുകളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ശബരിമല സ്വർണക്കൊള്ളയിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുൾപ്പെടെയുള്ളവരുമായി ഡി മണിക്ക് ബന്ധമുണ്ടെന്ന് സ്ഥാപിക്കാനുള്ള തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല. പ്രവാസി വ്യവസായിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അന്താരാഷ്ട്ര പുരാവസ്തു ഇടപാടുകാരുമായി ബന്ധമുള്ള തമിഴ്നാട് ദിണ്ഡിഗൽ സ്വദേശി ഡി മണിക്ക് തിരുവനന്തപുരത്ത് വച്ച് സ്വർണ ഉരുപ്പടികൾ വിറ്റെന്ന് പ്രവാസി വ്യവസായി എസ്‌ഐടിക്ക് മൊഴി നൽകിയിരുന്നു. ഇത് ശബരിമലയിലെ ഉരുപ്പടികളാണെന്നാണ് അനുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഡി മണിയിൽ എത്തിയത്.
അതേസമയം, സ്വർണക്കൊള്ളയുമായി ബന്ധമില്ലെന്നും കേരളത്തിൽ ബിസിനസില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നും ഡി മണി മൊഴിനൽകിയിരുന്നു. എസ്‌ഐടിക്ക് ആളുമാറിയതാണെന്നും താൻ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ എം എസ് മണിയാണെന്നും ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിരുന്നു. സ്വർണ ബിസിനസ് ചെയ്യുന്നില്ലെന്നും പൊലീസ് തെറ്റിദ്ധരിച്ചതാണെന്നും ഇയാൾ പറഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |