
നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ എട്ടരവർഷം നീണ്ട കോളിളക്കത്തിന് ശേഷം വിധി വന്നപ്പോൾ വലിയ വിവാദങ്ങൾ തന്നെയുണ്ടായി. നടൻ ദിലീപിനെ വെറുതേ വിട്ടതിനൊപ്പം പ്രധാന പ്രതികൾക്ക് മിനിമം ശിക്ഷ നൽകിയതും വിമർശിക്കപ്പെട്ടു. അതേസമയം അന്വേഷണത്തിലെ വീഴ്ചകൾ കോടതി വിധിയിൽ എണ്ണിപ്പറഞ്ഞു. വിധി പക്ഷപാതപരമെന്ന വിമർശനം അതിജീവിത തന്നെ ഉയർത്തി. തർക്കം തുടരവേ സർക്കാരിന്റേയും ശിക്ഷിക്കപ്പെട്ട പ്രതികളുടേയും അപ്പീലുകൾ ഹൈക്കോടതിയുടെ പരിഗണനയ്ക്കെത്തുകയാണ്.
''നിരന്തരമായ വേദനകൾക്കും കണ്ണീരിനും കടുത്ത മാനസിക സംഘർഷങ്ങൾക്കും ഒടുവിൽ താനിപ്പോൾ തിരിച്ചറിയുന്നു, നിയമത്തിന്റെ മുൻപിൽ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല. തിരിച്ചറിവ് നൽകിയതിന് നന്ദി. ഉയർന്ന നീതി ബോധമുള്ള ന്യായധിപൻമാർ ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്"". നടിയെ ആക്രമിച്ച കേസിലെ വിധി വന്നശേഷം അതിജീവിതയുടെ ആദ്യ പ്രതികരണം ഇതായിരുന്നു. അതിജീവിത മാത്രമല്ല, പ്രോസിക്യൂഷനും വിധിയിൽ നിരാശരാണ്. കേസിൽ 20 വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട പൾസർ സുനി അടക്കം ആറുപേരാണ് മറുഭാഗത്ത് നിരാശ അനുഭവിക്കുന്നത്. ഈ സാഹചര്യത്തിൽ സർക്കാരിന്റേയും ശിക്ഷിക്കപ്പെട്ട പ്രതികളുടേയും അപ്പീലുകൾ പരിഗണനയ്ക്ക് വരികയാണ്. ഇനി ഹൈക്കോടതിയിലാണ് നിയമപോരാട്ടം. നടൻ ദിലീപും സുഹൃത്തായ വി.ഐ.പി ശരത്തുമടക്കം നാലുപേർ എറണാകുളം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ പടിയിറങ്ങിയത് കുറ്രവിമുക്തരായാണ്. അപ്പീലുകളിൽ ഇവർ കക്ഷിചേർക്കപ്പെടും. അതുകൊണ്ട് കുറ്റവിമുക്തരായവർക്ക് നിയമപരമായ തലവേദനകൾ അവസാനിച്ചിട്ടില്ല.
വിചാരണക്കോടതി വിധിയിൽ ഉന്നയിച്ച ഒരുപാട് ചോദ്യങ്ങൾക്ക് ഹൈക്കോടതിയിൽ സർക്കാരിന് ഉത്തരം നൽകേണ്ടിവരും. വെറുതേ വിട്ടവർക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് തെളിയിക്കുകയാണ് പ്രോസിക്യൂഷൻ നേരിടുന്ന പ്രധാന വെല്ലുവിളി. അതിജീവിതയുടെ മൊഴിയിൽ പൊരുത്തക്കേടുകളുണ്ടെന്ന സെഷൻസ് കോടതിയുടെ കണ്ടെത്തലും വിശദീകരിക്കേണ്ടിവരും. ക്വട്ടേഷൻ നൽകിയത് ഒരു 'മാഡം" ആണെന്ന ഒന്നാംപ്രതിയുടെ വെളിപ്പെടുത്തലിൽ മതിയായ അന്വേഷണം നടന്നിട്ടില്ലെന്ന് വിധിയിൽ എടുത്തുപറഞ്ഞിട്ടുണ്ട്.
1700ലധികം പേജുകളുള്ള വിധിന്യായമാണ് പുറത്തുവന്നത്. നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന 2013ൽ തുടങ്ങിയെന്നാണ് പ്രോസിക്യൂഷൻ വാദം. 2017ലാണ് ആക്രമണമുണ്ടായത്. സുനി മറ്റൊരു കേസിൽ ഒളിവിലായതുകൊണ്ടാണ് കൃത്യം വൈകിയതെന്ന് പൊലീസ് പറഞ്ഞു. പക്ഷേ, ഒളിവിലല്ലെന്നാണ് കോടതി കണ്ടെത്തിയത്. ഇതിനെക്കുറിച്ച് അന്വേഷിച്ചില്ലെന്നാണ് പൊലീസ് പിന്നീട് വിശദീകരിച്ചത്.
പൾസർ സുനി പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങളിലുള്ളത് പ്രോസിക്യൂഷൻ ഉന്നയിച്ചതുപോലെ വിവാഹ മോതിരമല്ലെന്നും അതിജീവിതയുടെ വിവാഹനിശ്ചയം നടന്നത് കുറ്റകൃത്യത്തിന് ശേഷമാണെന്നും വിചാരണക്കോടതി വിധിയിലുണ്ട്.
മുമ്പ് നൽകിയ മൊഴികളിലൊന്നും വിവാഹ മോതിരത്തെ കുറിച്ച് അതിജീവിത പറയാതിരുന്നത് എന്തുകൊണ്ട് എന്നതും വിശദീകരിച്ചില്ല. ദിലീപും സുനിയും ഇക്കാര്യം പറഞ്ഞ് ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നാണ് വിധിന്യായത്തിൽ പറയുന്നത്.
സിനിമാ സെറ്റുകളിലേക്ക് 2015വരെ അച്ഛനാണ് അനുഗമിച്ചിരുന്നതെന്നും അച്ഛന്റെ മരണശേഷം അമ്മ കൂടെ വരാറുണ്ടായിരുന്നെന്നും അമ്മയ്‌ക്ക് സുഖമില്ലാതെ വന്നപ്പോഴാണ് ഒറ്രയ്‌ക്ക് യാത്ര തുടങ്ങിയതെന്നുമാണ് അതിജീവിത കോടതിയിൽ പറഞ്ഞത്. ഇത് പുതിയ കഥയാണെന്നും പ്രഥമ മൊഴികളിലൊന്നും ഈ അച്ഛൻ, അമ്മ പരാമർശമില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ ആരോപണം പരിഗണനയർഹിക്കുന്നുവെന്നും കോടതി പറഞ്ഞിട്ടുണ്ട്.
മെമ്മറി കാർഡ് ഹാഷ് വാല്യൂ മാറ്റം വിചാരണയെ ബാധിച്ചില്ലെന്നും ആക്രമണ ദൃശ്യങ്ങൾ പകർത്തിയ എട്ടു വീഡിയോ ഫയലുകൾ സുരക്ഷിതമാണെന്നും വിലയിരുത്തുകയും ചെയ്തു. ദൃശ്യങ്ങൾ പകർത്താൻ പൾസർ സുനി ഉപയോഗിച്ച ഫോൺ കണ്ടെത്താനാകാത്തതും അന്വേഷണത്തിലെ പ്രധാന ന്യൂനതയായി. ഫോൺ സംബന്ധിച്ച് അതിജീവിതയും സാക്ഷിയും നൽകിയ മൊഴികൾ ഫോറൻസിക് തെളിവുകളുമായി ഒത്തുപോകുന്നതല്ലെന്നും വിചാരണക്കോടതി വിലയിരുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സർക്കാരിന്റേയും പ്രതികളുടേയും അപ്പീലുകൾ ഹൈക്കോടതിയുടെ പരിഗണനയ്ക്കു വരുന്നത്. അഞ്ചും ആറും പ്രതികളായ വടിവാൾ സലിം, പ്രദീപ് എന്നിവരുടെ അപ്പീലുകളാണ് ആദ്യം ഹൈക്കോടതിയിൽ എത്തിയത്. ഇതിൽ സർക്കാരിനടക്കം നോട്ടീസയച്ചിട്ടുണ്ട്. കുറ്റകൃത്യത്തിലോ ഗൂഢാലോചനയിലോ പങ്കില്ലെന്നും അതിനാൽ കുറ്റവിമുക്തനാക്കണമെന്നുമാണ് അപ്പീലിൽ ആവശ്യപ്പെടുന്നത്. അപ്പീൽ പരിഗണിക്കാൻ കാലതാമസം ഉണ്ടാകും എന്നതിനാൽ ശിക്ഷ സസ്‌പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും പ്രതികൾ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാംപ്രതി മാർട്ടിൻ ആന്റണിയുടെ അപ്പീലും പിന്നാലെയെത്തി.
മറ്റ് പ്രതികൾക്കൊപ്പം ഗൂഢാലോചന നടത്തിയ ശേഷം കൃത്യത്തിൽ പങ്കാളിയായെന്നും തെളിവായ സിം കാർഡ് നശിപ്പിച്ചുവെന്നുമാണു രണ്ടാം പ്രതിക്കെതിരെയുള്ള പ്രോസിക്യൂഷൻക്കേസ്. എന്നാൽ നടി സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറായിരുന്ന തന്നെ അതിക്രമം നടക്കുമ്പോൾ വാഹനത്തിൽ നിന്ന് പുറത്തിറക്കിയെന്ന് നടിയുടെ മൊഴിയിൽ തന്നെയുണ്ടെന്നാണ് മാർട്ടിന്റെ വാദം.
ഗൂഢാലോചനയിൽ പങ്കാളിത്തം മാത്രമാണ് ആരോപിക്കപ്പെടുന്നത്. സമാനമായി ഗൂഢാലോചനയിൽ പങ്കാളിത്തം ആരോപിക്കപ്പെട്ട നടൻ ദിലീപിനെ വിട്ടയച്ച സാഹചര്യത്തിൽ തന്നെയും വിട്ടയയ്‌ക്കേണ്ടതായിരുന്നു. തനിക്ക് അനുകൂലമായ നിർണായക തെളിവുകൾ വിലയിരുത്തുന്നതിൽ വിചാരണക്കോടതി പരാജയപ്പെട്ടുവെന്നുമാണ് മാർട്ടിൻ പറയുന്നത്. പൾസർ സുനിയടക്കം മറ്റു പ്രതികളുടെ അപ്പീലുകളും ഉടൻ ഹൈക്കോടതിയുടെ പരിഗണയ്ക്കെത്തും. നടിക്കേസിലെ നിയമപോരാട്ടങ്ങൾ ഉടനെയൊന്നും അവസാനിക്കാനിടയില്ല. കേസുമായി ബന്ധപ്പെട്ട പല ഹർജികളും നേരത്തേ സുപ്രീം കോടതി വരെ എത്തിയിട്ടുണ്ട്. വിചാരണയിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക് ഹൈക്കോടതിയിൽ സർക്കാരും പ്രതിഭാഗവും നൽകുന്ന വിശദീകരണങ്ങളാണ് ഇനി നിർണായകമാവുക. സിനിമാ മേഖലയിലെ സ്ത്രീകളുടെ സുരക്ഷ, ക്വട്ടേഷൻ ബലാത്സഗം നിയമത്തിലെ പിഴവുകൾ, ഡിജിറ്റൽ തെളിവുകളിലെ തിരിമറി ആരോപണം തുടങ്ങി വിവിധ വിഷയങ്ങളിൽ ചർച്ചകൾക്ക് വഴിതെളിച്ച കേസുകൂടിയായതിനാൽ മേൽക്കോടതിയുടെ നിരീക്ഷണങ്ങൾ ഏറെ പ്രാധാന്യമർഹിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |