
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ നേതാക്കൾക്കെതിരെ സിപിഎം ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല. ഈ നേതാക്കന്മാരെ രക്ഷപ്പെടുത്താനുള്ള മാർഗങ്ങളാണ് പാർട്ടി നോക്കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
'തന്ത്രിയെ അറസ്റ്റ് ചെയ്‌തെന്നത് നിയമപരമായ കാര്യമാണ്. അത് അതിന്റെ വഴിക്ക് പോകട്ടെ. നിയമത്തിന് മുന്നിൽ ആരും അതീതരല്ല. അതിനനുസരിച്ച് കാര്യങ്ങൾ മുന്നോട്ടുപോകട്ടെ. എസ് ഐ ടിയുടെ അന്വേഷണം മുന്നോട്ടുനീങ്ങട്ടേ. കുറ്റവാളികളായ മുഴുവൻ പേരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. മുൻമന്ത്രിമാരും മന്ത്രിമാരും ഉണ്ട്. അവരും വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കാരണം അയ്യപ്പന്റെ മുതൽ കട്ടവരാരും രക്ഷപ്പെട്ടിട്ടില്ല. അയ്യപ്പൻ ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ല. ഇതാണ് അതിന്റെ സത്യം.
ശബരിമല സ്വർണക്കൊള്ള കണ്ടുപിടിക്കുകയെന്നതാണ് പ്രധാനം. ആരുണ്ട്, ആരില്ല എന്നല്ല വിഷയം. നിയമത്തിന് മുന്നിൽ എല്ലാവരും സമന്മാരാണ്. സ്വർണക്കൊള്ളയിൽ ഉൾപ്പെട്ടിട്ടുള്ള എത്ര വലിയ ആളാണെങ്കിലും അവരെയെല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നതാണ് ഞങ്ങൾ ആദ്യം മുതൽ എടുക്കുന്ന നിലപാട്. മന്ത്രിമാർ ഉൾപ്പടെയുള്ളവർ ഇതിനകത്തുണ്ടെന്നാണ് ഞങ്ങൾക്ക് കിട്ടിയ വിവരം.'- രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം നിയമസഭ തിരഞ്ഞെടുപ്പിൽ നൂറ് സീറ്റോടെ അധികാരത്തിൽ വരുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇക്കാര്യത്തിൽ നൂറ് ശതമാനം കോൺഫിഡൻസുണ്ട്. പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ജനങ്ങളെ പൂർണമായും അവഗണിച്ചുകൊണ്ടുള്ളതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |