
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്ക്കെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും. ദ്വാരപാലക ശിൽപ കേസിലും പ്രതിയാകുമെന്നാണ് റിപ്പോർട്ട്. തന്ത്രിക്കും ഇതിന്റെ ഗുഢാലോചനയിൽ പങ്കുണ്ട്. ശ്രീകോവിലിലെ കട്ടിളപ്പാളിയും പ്രഭാമണ്ഡലവും കൊള്ളയടിച്ച കേസിലാണ് നിലവിൽ തന്ത്രി അറസ്റ്റിലായത്.
കേസിൽ 13ാം പ്രതിയാണ്. ശബരിമല താന്ത്രികാവകാശം പരമ്പരാഗതമായി ലഭിച്ചിട്ടുള്ള ചെങ്ങന്നൂർ താഴമൺ കുടുംബത്തിലെ രാജീവരര് 1998-99ൽ വിജയ് മല്യ സ്വർണം പൊതിഞ്ഞപ്പോഴും 2019ൽ സ്വർണപ്പാളികൾ കൊള്ളയടിച്ചപ്പോഴും തന്ത്രിയായിരുന്നു. ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻപോറ്റിക്ക് ഒത്താശ ചെയ്ത്, സ്വർണക്കൊള്ളയ്ക്ക് മൗനാനുവാദം നൽകി ഗൂഢാലോചനയിൽ പങ്കാളിയായെന്ന് കണ്ടെത്തിയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കടേശിന്റെ നേതൃത്വത്തിൽ ആറുമണിക്കൂറോളം ചോദ്യംചെയ്തശേഷമായിരുന്നു അറസ്റ്റ്.
ഐ.പി.സി 403, 406, 409, 466, 467, 120(ബി), 34, അഴിമതി നിരോധന നിയമത്തിലെ 13(1), 13(2) വകുപ്പുകൾ ചുമത്തി. 2019മേയ് 14മുതൽ മേയ് 19വരെ കണ്‌ഠരര് രാജീവര് തന്ത്രി സന്നിധാനത്തുണ്ടായിരുന്ന കാലയളവിലാണ് ശ്രീകോവിൽ വാതിലിന്റെ കട്ടിളപ്പാളികളും പ്രഭാമണ്ഡലവും അഴിച്ചെടുത്ത് പോറ്റിക്ക് കൈമാറിയത്. 2019മേയ് 18നായിരുന്നു ഇത്. കട്ടിളപ്പാളികളും പ്രഭാമണ്ഡലവും സ്ഥാപിച്ചിരുന്നിടത്ത് കൽത്തൂണുകൾ മാത്രമായിരിക്കെ, മേയ് 19ന് ശ്രീകോവിലിൽ തന്ത്രി പൂജകൾ നടത്തി. അതിനാൽ പാളികൾ ഇളക്കിയതിനെക്കുറിച്ച് തന്ത്രിക്ക് വ്യക്തമായ അറിവുണ്ടായിരുന്നെന്ന് എസ്ഐടി കണ്ടെത്തി. തന്റെ അനുമതിയോടെയല്ല കട്ടിളപാളികളും പ്രഭാമണ്ഡലവും ഇളക്കിക്കൊണ്ടു പോയതെങ്കിൽ തന്ത്രി ബോർഡിനെ രേഖാമൂലം അറിയിക്കേണ്ടതായിരുന്നു. അത് ചെയ്തിട്ടില്ലെന്ന് എസ്ഐടി കണ്ടെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |