തിരുവനന്തപുരം : കീഴ്‌വഴക്കം വഴിമാറി, ആ പേനയിൽ നിന്നും ഇനിയും വിധിയെഴുത്തുണ്ടാവും.
പാറശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് തൂക്കകയർ വിധിയെഴുതിയ പേനയുടെ നിബ് ജഡ്ജി കുത്തിയൊടിച്ചില്ല. നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി എ.എം.ബഷീറാണ് 568 പേജുള്ള വിധി പ്രസ്താവിച്ചത്. വിധിയ്ക്ക് പിന്നാലെ അഭിഭാഷകർ ഉൾപ്പടെ ഉറ്റുനോക്കിയത് ജഡ്ജി പേന കുത്തിയൊടിക്കുന്നുണ്ടോയെന്നാണ്. എന്നാൽ അതുണ്ടായില്ല. ജഡ്ജി എ.എം.ബഷീർ അത്തമൊരു വിശ്വാസമോ കീഴ്വഴക്കമോ പിന്തുടരാറില്ലെന്ന് മുതിർന്ന അഭിഭാഷകർ പറഞ്ഞു.
ഒരിക്കൽ വധശിക്ഷ വിധിച്ച് വിധിന്യായത്തിൽ ഒപ്പിട്ടാൽ ജഡ്ജി അത് പുനഃപരിശോധിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത് ഒഴിവാക്കാൻ പേനത്തുമ്പ് ഒടിച്ചുകളയുന്നു എന്നതാണ് ഒരു വാദം. ഒരു വ്യക്തിയുടെ ജീവൻ അപഹരിക്കുകയാണ് വധശിക്ഷാവിധിയിലൂടെ പേന ചെയ്യുന്നത്. ഈ പേന മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കരുത് എന്ന വിശ്വാസത്തിന്റെ പ്രതീകമായാണ് ജഡ്ജിമാർ പേന മാറ്റിവയ്ക്കുകയോ ഒടിച്ചുകളയുകയോ ചെയ്യുന്നതെന്നും പറയപ്പെടുന്നു. ഇത് രണ്ടിലും വിശ്വസിക്കാത്ത ന്യായാധിപൻമാരിലൊരാളാണ് എ.എം.ബഷീർ. അതിനാൽ ആ പേന ഇനിയും നീതി ഉറപ്പാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |