തിരുവനന്തപുരം: റീജിയണൽ ക്യാൻസർ സെന്ററിൽ (ആർ.സി.സി) ഡയറക്ടറായി വേണ്ടപ്പെട്ടയാളെ നിയമിക്കാൻ വിചിത്ര നിർദ്ദേശവുമായി വീണ്ടും ആരോഗ്യവകുപ്പ്. ആർ.സി.സിയിലെ അഡിഷണൽ പ്രൊഫസർമാരെല്ലാം പ്രൊഫസർമാരാണെന്നും ഇവർക്ക് ഡയറക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാമെന്നും സെർച്ച് കമ്മിറ്റിക്ക് ആരോഗ്യവകുപ്പ് അഡി. ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡേ രേഖാമൂലം നിർദ്ദേശം നൽകി.
ഡയറക്ടർ നിയമനത്തിന് നാഷണൽ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി) നിഷ്കർഷിക്കുന്ന അഞ്ചുവർഷം പ്രൊഫസറായും ഏതെങ്കിലും വിഭാഗത്തിന്റെ മേധാവിയായും പ്രവർത്തിച്ചിരിക്കണമെന്ന യോഗ്യത ആദ്യം ഒഴിവാക്കിയിരുന്നു. ഈ മാനദണ്ഡമനുസരിച്ച് ഡയറക്ടറെ കണ്ടെത്താൻ സെർച്ച് കമ്മിറ്റിയും രൂപീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് പുതിയ ഇളവിനു കൂടി നിർദ്ദേശം നൽകിയത്.
ആർ.സി.സിയിലെ അഡിഷണൽ പ്രൊഫസർമാരെ പ്രൊഫസർമാരാക്കാൻ ഇതുവരെ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നിരിക്കെയാണ് പുതിയ നിർദ്ദേശം. അഡിഷണൽ പ്രൊഫസർ തസ്തികയിൽ ഏഴുവർഷം പിന്നിട്ടവരുടെ പ്രവർത്തനം വിലയിരുത്തി പ്രൊഫസർമാരാക്കണമെന്നാണ് സർക്കാരിന് മുന്നിലുള്ള ശുപാർശ. സർക്കാർ അംഗീകാരമില്ലാതെയുള്ള നിർദ്ദേശം വേണ്ടപ്പെട്ടയാളെ ഡയറക്ടറായി നിയമിക്കാൻ വേണ്ടിയാണെന്നാണ് ആക്ഷേപം. നിലവിൽ 50തോളം അഡിഷണൽ പ്രൊഫസർമാർ ആർ.സി.സിയിലുണ്ട്.
ചട്ടവിരുദ്ധമായ ആദ്യ നടപടി കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്ന് ഉറപ്പായതോടെ അതിനെ മറികടക്കാനാണ് പുതിയ നീക്കമെന്ന് അറിയുന്നു. ആരോഗ്യവകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.
മെഡിക്കൽ കമ്മിഷൻ മാനദണ്ഡം
1.എൻ.എം.സി നിബന്ധനപ്രകാരം 20വർഷം ക്യാൻസർ ചികിത്സാരംഗത്തുള്ളവരിൽ 10വർഷം പ്രൊഫസറായോ, അസോസിയേറ്റ് പ്രൊഫസറായോ പഠന-ഗവേഷണ രംഗത്ത് പ്രവർത്തിച്ചവരാവണം ഡയറക്ടറാകേണ്ടത്
2.ഇതിൽ അഞ്ചു വർഷം പ്രൊഫസറായി ഏതെങ്കിലും വിഭാഗത്തിന്റെ മേധാവിയായിരിക്കണം. ഇതെല്ലാം കാറ്റിൽ പറത്തിയാണ് മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയത്
പ്രഗത്ഭർ പിന്മാറും
ആർ.സി.സിയുടെ മേധാവിയാവാൻ അന്തർദ്ദേശീയ നിലവാരത്തിലുള്ളവർ എക്കാലവും താത്പര്യം പ്രകടിപ്പിക്കാറുണ്ട്. എന്നാൽ, അഡി. പ്രൊഫസർമാരെ പ്രൊഫസറാക്കി അപേക്ഷിക്കാൻ അനുമതി നൽകിയതോടെ ഇക്കൂട്ടർ പിന്മാറുമെന്നാണ് വിവരം. ആർ.സി.സിയിൽ അസിസ്റ്റന്റ് പ്രൊഫസറായി സർവീസിലെത്തുന്നവർ എട്ടാം വർഷം അഡിഷണൽ പ്രൊഫസറാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |