ആലുവ: ബീഹാർ സ്വദേശിനിയുടെ ഒരുമാസം പ്രായമായ ആൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയ രണ്ട് അന്യസംസ്ഥാനക്കാർ അറസ്റ്റിലായി. അസാം സ്വദേശിയും ട്രാൻസ്ജെൻഡറുമായ റിങ്കി (20),സുഹൃത്ത് അസാം നാഗോൺ സ്വദേശി റാഷിദുൽ ഹഖ് (29) എന്നിവരെയാണ് ആലുവ പൊലീസ് പിടികൂടിയത്.
കുട്ടിയുടെ മാതാവ് താമസിക്കുന്നത് പെരുമ്പാവൂർ നെടുംതോടാണ്. പ്രസവാനന്തര സഹായിയായി വീട്ടിൽ നിന്നിരുന്ന റിങ്കി ഈ ഇനത്തിൽ 70,000 രൂപയും പണമില്ലെങ്കിൽ കുട്ടിയെ തനിക്ക് തരണമെന്നും ആവശ്യപ്പെട്ടിരുന്നു. 14ന് കുട്ടിയുമായി മാതാവും റിങ്കിയും ബീഹാറിലേക്ക് പോകാൻ ആലുവ റെയിൽവേ സ്റ്റേഷനിലെത്തി. ട്രെയിൻ വിട്ടതിന് പിന്നാലെ റിങ്കി കുട്ടിയുമായി പ്ളാറ്റ്ഫോമിലേക്ക് ചാടിയിറങ്ങി. തുടർന്ന് മുൻ നിശ്ചയപ്രകാരം റാഷിദുൽ ഹഖിനൊപ്പം ഓട്ടോയിൽ രക്ഷപ്പെടുകയായിരുന്നു.
മാതാവ് അങ്കമാലിയിലിറങ്ങിയ ശേഷം രാത്രി എട്ടോടെ ആലുവ പൊലീസ് സ്റ്റേഷനിലെത്തിയാണ് പരാതി നൽകിയത്.
ഈസ്റ്റ് സ്റ്റേഷനിലെ ക്രൈം ഗാലറിയിലെ ട്രാൻസ്ജെൻഡർമാരുടെ ഫോട്ടോ പരാതിക്കാരിയെ കാണിച്ച് ആളെ തിരിച്ചറിഞ്ഞു. തുടർന്ന് റിങ്കി താമസിച്ചിരുന്ന വാടകവീട്ടിൽ പൊലീസെത്തിയെങ്കിലും കണ്ടെത്താത്തതിനെ തുടർന്ന് സി.സി ടിവി ക്യാമറകൾ പരിശോധിച്ചു. ഒടുവിൽ രാത്രി 10ന് കൊരട്ടി ഭാഗത്തുവച്ച് പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിറുത്തി പിടികൂടുകയായിരുന്നു.
കുട്ടിയെ തൃശൂരിൽ നിന്ന് അസാമിലേക്ക് കൊണ്ടുപോകാനാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നത്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി ടി.ആർ.രാജേഷിന്റെ നേതൃത്വത്തിൽ പിടികൂടിയ പ്രതികളെ റിമാൻഡ് ചെയ്‌തു. കുഞ്ഞിനെ മാതാവിന് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |