തിരുവനന്തപുരം: മലപ്പുറത്തുണ്ടായ തകരാറിന്റെ പേരിൽ ദേശീയപാത പൊളിഞ്ഞുപോകുമെന്ന മനപായസം യാഥാർത്ഥ്യമാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലപ്പുറത്ത് ദേശീയപാതയുടെ തുടർപ്രവർത്തനങ്ങളെ സർക്കാർ പിന്തുണയ്‌ക്കും. മലപ്പുറത്തേത് സംസ്ഥാനത്തിന്റെ വീഴ്‌ചയാണെന്ന് സ്ഥാപിക്കാൻ യു.ഡി.എഫും ബി.ജെപിയും ഒരുപോലെ നടത്തുന്ന ശ്രമം പരിഹാസ്യമാണ്.
നിർമ്മാണത്തിൽ സാങ്കേതിക തകരാറാണ് സംഭവിച്ചത്. അത് പരിശോധിച്ച് നടപടി വരും. ഇക്കാര്യത്തിൽ സംസ്ഥാനാഭിപ്രായം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ദേശീയപാത വികസനം കേരളത്തിൽ നല്ല നിലയിലാണ്.
ദേശീയപാത അതോറിട്ടി ഉപേക്ഷിച്ച പദ്ധതി തിരിച്ചുകൊണ്ടുവന്നത് എൽ.ഡി.എഫ് സർക്കാരാണ്. ഗെയിൽ പൈപ്പ് ലൈനിന്റെ കാര്യത്തിലും ഇതേ എതിർപ്പാണുണ്ടായത്. എന്നാൽ സർക്കാരിന്റെ ഇടപെടലിലൂടെ അതും പൂർത്തിയാക്കി. യു.ഡി.എഫ് ആയിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ.
ആശുപത്രികളുടെ ദയനീയ സ്ഥിതി മാറി
പൊതുവിദ്യാഭ്യാസ മേഖലയിൽ 5000 കോടിയാണ് ചെലവിട്ടത്. 10 ലക്ഷം വിദ്യാർത്ഥികളാണ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലേക്ക് പുതുതായി വന്നത്. മരുന്നും ജീവനക്കാരുമില്ലാതിരുന്ന ആശുപത്രികളുടെ ദയനീയ സ്ഥിതി മാറി. കിഫ്ബി രൂപീകരിച്ചപ്പോൾ എതിർപ്പും ആക്ഷേപവുമുണ്ടായി. ഇപ്പോൾ 90,000 കോടിയുടെ പദ്ധതികളാണ് പുരോഗമിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മന്ത്രി കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, കെ. കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, വി.എൻ. വാസവൻ, സജി ചെറിയാൻ, ഡോ. ആർ. ബിന്ദു, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, രാമചന്ദ്രൻ കടന്നപ്പള്ളി, മുഹമ്മദ് റിയാസ്, വീണാ ജോർജ്, ജില്ലാ കളക്ടർ അനുകുമാരി, എ.എ. റഹീം എം.പി, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, ആന്റണി രാജു, വി.കെ. പ്രശാന്ത്, വി. ജോയി, സി.കെ. ഹരീന്ദ്രൻ, കെ. ആൻസലൻ, മാത്യു ടി. തോമസ്, ഒ.എസ്. അംബിക, ഡി.കെ. മുരളി, ജി. സ്റ്റീഫൻ, ഐ.ബി. സതീഷ്, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ചീഫ് സെക്രട്ടറി എ. ജയതിലക് സ്വാഗതവും നോർക്ക സെക്രട്ടറി എസ്. ഹരികിഷോർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |