പാലക്കാട്: യെമനിലെ മനുഷ്യാവകാശപ്രവർത്തകൻ സാമുവൽ ജെറോമിനെതിരായ ആരോപണങ്ങൾ നിഷേധിച്ച് നിമിഷപ്രിയയുടെ ഭർത്താവ് ടോമി തോമസ്. സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ സ്വരൂപിച്ച 40,000 ഡോളർ വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ട് വഴി യെമനിൽ കേസ് നടത്തുന്നതിനായി കേന്ദ്രം നിയമിച്ച അഭിഭാഷകനാണ് കൈമാറിയത്. ആ തുക സാമുവൽ ജെറോം ദുരുപയോഗം ചെയ്‌തെന്ന ആരോപണം തെറ്റാണെന്നും ടോമി പ്രതികരിച്ചു.
കൂടാതെ നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യെമനിൽ വീട്ടുതടങ്കലിലാണെന്ന ആരോപണവും ടോമി തോമസ് നിഷേധിച്ചു. പ്രേമകുമാരിയുമായി സംസാരിച്ചിരുന്നു. അവർ ആരുടെയെങ്കിലും കസ്റ്റഡിയിലോ വീട്ടുതടങ്കലിലോ ഒന്നുമല്ല. ഇത്തരത്തിലുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. തന്റെ അറിവോടും സമ്മതത്തോടും കൂടി സാമുവലിന്റെ സംരക്ഷണയിലാണ് പ്രേമകുമാരിയെന്നും അദ്ദേഹം വ്യക്തമാക്കി.
2017ൽ യെമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയയ്ക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. വിധി നടപ്പാവാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയാണ് വധശിക്ഷ നീട്ടിവച്ചത്. നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏക മാർഗം തലാലിന്റെ കുടുംബത്തിന് ദയാധനം നൽകുകയെന്നതാണ്.
എന്നാൽ ദയാധനം സ്വീകരിക്കാൻ കഴിയില്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണ് തലാലിന്റെ കുടുംബം. തലാലിന്റെ കുടുംബത്തെ നേരിൽ കണ്ട് മാപ്പപേക്ഷിക്കുന്നതിന് വേണ്ടി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യെമനിൽ പോയിരുന്നു. തലാലിന്റെ കുടുംബവുമായും ഗോത്രത്തിന്റെ തലവന്മാരുമായും ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |