ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് താമസിയാതെ ഗുരുദേവന്റെ പേരിൽ റോഡ് വരും. ശിവഗിരി മഠത്തിന്റെ ഈ അഭ്യർത്ഥന പരിഗണിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്‌തയും ഉറപ്പു നൽകി.
ഗുരുദേവൻ-ഗാന്ധിജി കൂടിക്കാഴ്‌ചയുടെ ശതാബ്‌ദിയുടെ ഉദ്ഘാടന ചടങ്ങിൽ വച്ചാണ് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പ്രധാനമന്ത്രി മോദിയോട് ഇക്കാര്യം അഭ്യർത്ഥിച്ചത്. പരിശോധിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകിയെന്ന് സ്വാമി അറിയിച്ചു. ശതാബ്‌ദി ആഘോഷവുമായി ബന്ധപ്പെട്ട ചടങ്ങിൽ വച്ച് സ്വാമി സച്ചിദാനന്ദ അഭ്യർത്ഥന ഫലകത്തിലാക്കി ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്‌തയ്‌ക്ക് കൈമാറി. ഡൽഹി സർക്കാർ ആവശ്യമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വേദിയിൽ പ്രഖ്യാപിച്ചു.
ഡൽഹിയിൽ ശ്രീനാരായണ ആശ്രമം
ഡൽഹിയിൽ ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ആശ്രമം തുറക്കാനുള്ള ചർച്ചകൾ തുടങ്ങിയെന്ന് സ്വാമി സച്ചിദാനന്ദ അറിയിച്ചു. ഗുരുദേവൻ-ഗാന്ധിജി കൂടിക്കാഴ്‌ചയുടെ ശതാബ്‌ദി ആഘോഷത്തിനായി ഡൽഹിയിലുണ്ടാക്കിയ കൂട്ടായ്‌മ വലിയ വിജയമാണ്. അതു നിലനിറുത്തുകയാണ് ലക്ഷ്യം. ശ്രീനാരായണീയർക്കും സന്യാസിമാർക്കുമുള്ള കേന്ദ്രം വേണമെന്ന് പലരും നിർദ്ദേശിച്ചു. ഡൽഹിയിൽ എവിടെയായാലും അതു യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ലോകസമാധാനം ഗുരു ദർശനത്തിലൂടെ
ന്യൂഡൽഹി: ഗാന്ധിജി-ഗുരുദേവൻ കൂടിക്കാഴ്ച സംബന്ധിച്ച് സ്വാമി സച്ചിദാനന്ദ ഇംഗ്ലീഷിലും മലയാളത്തിലും രചിച്ച പുസ്തകം ന്യൂഡൽഹി വിജ്ഞാൻഭവനിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകി. 'ലോകസമാധാനം ശ്രീനാരായണ ഗുരു ദർശനത്തിലൂടെ' എന്ന വിഷയത്തിൽ നടന്ന സെമിനാർ അറ്റോർണി ജനറൽ വെങ്കട്ടരമണി ഉദ്ഘാടനം ചെയ്തു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു. 'ഗുരുദേവൻ-ഗാന്ധിജി കൂടിക്കാഴ്ച ചരിത്രവും സമകാലിക പ്രസക്തിയും'എന്ന ചർച്ച ഡൽഹി മുഖ്യമന്ത്രി രേഖാഗുപ്ത ഉദ്ഘാടനം ചെയ്തു. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, എ.എ.റഹീം, ഡൽഹി മന്ത്രി ആശിഷ് സൂദ്, ഡൽഹി ശ്രീനാരായണ കേന്ദ്ര പ്രസിഡന്റ് ബീനാ ബാബുറാം, സംഘാടക സമിതി ജനറൽ കൺവീനർ ബാബു പണിക്കർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |