കായംകുളം: കഥകളിയുടെ ഭാവാത്മകതയ്ക്ക് ചെണ്ടവായനയിലൂടെ പുതിയ തലങ്ങൾ സമ്മാനിച്ച വാസനാശാലിയായ കലാകാരനായിരുന്നു ഡോ. മാങ്കുളം കൃഷ്ണൻ നമ്പൂതിരി. വേഷങ്ങളുടെ ഭാവങ്ങൾക്കനുസൃതമായി ചെണ്ടയിൽ നാദതരംഗങ്ങൾ തീർത്ത അതുല്യ കലാകാരൻ. വാരണസി മാധവൻ നമ്പൂതിരിയും കലാമണ്ഡലം കേശവനുമാണ് ഗുരുനാഥന്മാർ. അരനൂറ്റാണ്ടിലേറെയായി കഥകളിയരങ്ങിൽ നിറഞ്ഞുനിന്ന അദ്ദേഹം 2200ലധികം വേദികളിൽ പങ്കെടുത്തിട്ടുണ്ട്. കാനഡയിലെ റിഥംസ് ഒഫ് ഇന്ത്യ പ്രോഗ്രാം ഉൾപ്പെടെ വിദേശത്ത് നിരവധി പരിപാടികൾ അവതരിപ്പിച്ചു. കലാമണ്ഡലം കൃഷ്ണൻനായരും മാങ്കുളവും ശാർക്കര ക്ഷേത്രത്തിൽ ഒരുമിച്ച് അവതരിപ്പിച്ച സുഭദ്രാഹരണം കഥയ്ക്ക് മേളം നൽകിയത് കൃഷ്ണൻ നമ്പൂതിരിയായിരുന്നു. ആ അരങ്ങിൽ കുഴഞ്ഞ് വീണാണ് അദ്ദേഹത്തിന്റെ പിതാവ് മാങ്കുളം വിഷ്ണു നമ്പൂതിരി ഓർമ്മയായത്.
ബയോകെമിസ്ട്രിയിൽ ഡോക്ടറേറ്റ്
ഡോ. മാങ്കുളം കൃഷ്ണൻ നമ്പൂതിരി കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോ കെമിസ്ട്രിയിലാണ് ഡോക്ടറേറ്റ് നേടിയത്. കേരളാ യൂണിവേഴ്സിറ്റി റിസർച്ച് സൂപ്പർവൈസിംഗ് ഗൈഡും ആലപ്പുഴ എസ്.ഡി കോളേജിലെ സ്പെഷ്യൽ ഗ്രേഡ് യു.ജി.സി പ്രിൻസിപ്പലുമായിരുന്നു. ശാസ്ത്ര ഗവേഷണ രംഗത്ത് ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2003ൽ ജപ്പാനിൽ സയൻസ് കോൺഫറൻസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രബന്ധം അവതരിപ്പിച്ചു. ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ ശാസ്ത്രഗവേഷണ ഫലങ്ങൾ പ്രസിദ്ധീകരിച്ചു.
കേരള കലാമണ്ഡലം, ലളിതകലാ അക്കാഡമി, ഭരണസമിതി അംഗമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള കലാമണ്ഡലത്തിൽ ചെണ്ട വിദഗ്ദ്ധനായും പ്രവർത്തിച്ചിരുന്നു. ദൂരദർശന്റെ പ്രോഗ്രാം അഡ്വൈസറി കമ്മിറ്റി മെമ്പറായിരുന്നു. ദൂരദർശനിൽ കഥകളി സീരിയൽ കർണ്ണശപഥം, നളചരിതം, മഹാഭാരതം ഉപദേഷ്ടവായും ചെണ്ടവാദ്യ കലാകാരനായും കഥയുടെ അവതാരകനായും പ്രവർത്തിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |