SignIn
Kerala Kaumudi Online
Wednesday, 10 December 2025 10.55 PM IST

വിവാഹസമ്മാനം, ജീവനാംശം എന്നിവയ്ക്ക് നികുതി നൽകണോ? ഇന്ത്യയിലെ ക്ളബിംഗ് നിയമം അറിയില്ലെങ്കിൽ പണി ലഭിക്കാം

Increase Font Size Decrease Font Size Print Page
wedding

പെൺമക്കളെ വിവാഹം കഴിപ്പിക്കുമ്പോൾ വീട്ടുകാർ സ്വർണവും പണവും വീടും വസ്‌തുവുമെല്ലാം സ്‌ത്രീധനമായി നൽകുന്നത് ഇന്ത്യയിലൊട്ടാകെ പതിവ് കാഴ്‌ചയാണ്. വിവാഹസമ്മാനമെന്ന നിലയിൽ നൽകുന്ന ഇവയുടെ പേരിൽ വഴക്കും തർക്കങ്ങളും കൊലപാതകവും ആത്മഹത്യയും പലയിടങ്ങളിലും നടക്കുന്നുണ്ട്. മാത്രമല്ല, വിവാഹമോചിതയാകുന്ന സമയം ഭർത്താവ് നൽകേണ്ട ജീവനാംശം സംബന്ധിച്ചും തർക്കങ്ങളും ചർച്ചകളും പതിവാണ്.

അതേസമയം, വിവാഹസമ്മാനങ്ങൾ, ഭാര്യയും ഭർത്താവും തമ്മിലുള്ള കൈമാറ്റങ്ങൾ തുടങ്ങി കുട്ടികൾ സമ്പാദിക്കുന്ന വരുമാനം, കോടതി ഉത്തരവിടുന്ന ജീവനാംശം എന്നിവ ഓരോന്നിനും ആദായനികുതി വകുപ്പ് വ്യത്യസ്തമായ നികുതിയാണ് നിശ്ചയിക്കുന്നതെന്ന് പലർക്കും അറിവുണ്ടാകില്ല.

സാധാരണയായി, ഒരു സാമ്പത്തിക വർഷത്തിൽ ലഭിക്കുന്ന സമ്മാനങ്ങളുടെ ആകെ മൂല്യം 50,000 രൂപയിൽ കൂടുതലാണെങ്കിൽ നികുതി ബാധകമാകും. എന്നാൽ വിവാഹദിനത്തിൽ വധൂവരന്മാർക്ക് ലഭിക്കുന്ന സമ്മാനങ്ങൾ പൂർണമായും നികുതി രഹിതമാണ്. മൂല്യം എത്രതന്നെയായാലും ഇവയ്ക്ക് നികുതി നൽകേണ്ടതില്ല. അതേസമയം, വധൂവരന്മാരുടെ ബന്ധുക്കൾ സ്വീകരിക്കുന്ന സമ്മാനങ്ങൾക്ക് നികുതി ബാധകമായിരിക്കും.

എന്നാൽ വിവാഹസമ്മാനം എന്നപ്പേരിൽ കള്ളപ്പണം മറയ്ക്കാൻ ശ്രമിക്കുന്നത് ഗുരുതര നടപടികൾക്ക് കാരണമാവും. ഇത്തരം വിവരം ലഭിക്കുകയാണെങ്കിൽ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചിത്രങ്ങളോ അതിഥികളുടെ എണ്ണമോ അടക്കമുള്ള വിവരങ്ങൾ ആവശ്യപ്പെട്ടേക്കാം. മാത്രമല്ല, വ്യാജ സമ്മാനങ്ങൾക്ക് 60 ശതമാനം നികുതിയും പലിശയും പിഴയും ഈടാക്കാനും സാദ്ധ്യതയുണ്ട്.

ക്ളബിംഗ് നിയമം

പങ്കാളികൾ പരസ്‌‌പരം സമ്മാനം നൽകുന്നതിന് നികുതി നൽകേണ്ടതില്ല. പണമായാലും ഓഹരിയായാലും വസ്തുവകയായാലും ഇത് ബാധകമായിരിക്കും. ഇത്തരം ആസ്‌തികളിൽ നിന്ന് ലഭിക്കുന്ന ലാഭവിഹിതം കൂടുതൽ വരുമാനം നേടുന്ന പങ്കാളിയുടെ വരുമാനത്തിലായിരിക്കും ഉൾപ്പെടുത്തുക. ഇത് ക്ലബ്ബിംഗ് നിയമം എന്നറിയപ്പെടുന്നു. വിവാഹമോചനത്തിന് ശേഷമോ അല്ലെങ്കിൽ പങ്കാളിയുടെ മരണത്തിലോ ക്ലബ്ബിംഗ് അവസാനിക്കും.

കുട്ടികളുടെ വരുമാനവുമായി ബന്ധപ്പെട്ട നികുതി നിയമങ്ങൾ

1. നിഷ്‌ക്രിയ വരുമാനം (പലിശ, വാടക, ലാഭവിഹിതം)

  • ഉയർന്ന വരുമാനമുള്ള രക്ഷിതാവിന്റെ വരുമാനത്തിലേക്ക് ചേർക്കപ്പെടുന്നു.
  • ഓരോ കുട്ടിക്കും 1500 രൂപ ഇളവ് ലഭിക്കുന്നു.

2. സ്വയം സമ്പാദിക്കുന്ന വരുമാനം (കലയിൽ നിന്നോ ജോലിയിൽ നിന്നോ ലഭിക്കുന്നത്)

  • മാതാപിതാക്കളുടെ വരുമാനവുമായി ബന്ധിപ്പിക്കപ്പെടുന്നില്ല.
  • വികലാംഗ കുട്ടികളുടെ വരുമാനത്തിന് ക്ലബ്ബിംഗ് ബാധകമല്ല.

ജീവനാംശത്തിന് നികുതിയുണ്ടോ?

ജീവനാംശവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് പ്രത്യേക നികുതി നിയമമില്ല. കോടതി വിധികളെയും പൊതുതത്ത്വങ്ങളെയും ആശ്രയിച്ചാണ് നികുതി ചുമത്തുന്നത്.

  • ലംപ്-സം ജീവനാംശം: മൂലധന രസീതായി കണക്കാക്കുന്നതിനാൽ നികുതി നൽകേണ്ടതില്ല.
  • പ്രതിമാസ അഥവാ ആനുകാലിക ജീവനാംശം: സ്വീകർത്താവിന് പൊതുവെ നികുതി നൽകേണ്ടതാണ്.
  • ജീവനാംശം നൽകുന്ന പങ്കാളിക്ക് ജീവനാംശം നൽകുന്നതിന് നികുതി ആനുകൂല്യമൊന്നും ലഭിക്കുന്നില്ല.
TAGS: WEDDING GIFTS, ALIMONY, ALIMONY TAX
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.