തിരുവനന്തപുരം: ഓണക്കാലത്തെ സാമ്പത്തിക ആവശ്യങ്ങൾ മുൻനിറുത്തി കേന്ദ്രധനമന്ത്രി നിർമ്മലാസീതാരാമനുമായി ചർച്ച നടത്തുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. സംസ്ഥാനത്ത് അർഹമായ വിഹിതം നേടിയെടുക്കുന്നതിനാണ് കേന്ദ്രമന്ത്രിയെ കാണുന്നത്. ഈ വർഷം ഐ.ജി.എസ്.ടി വിഹിതത്തിൽ 965 കോടിയും ഗ്യാരന്റി റിഡക്ഷൻ പദ്ധതിയനുസരിച്ച് 3600കോടിയും കുറച്ചു. 57,000 കോടിയോളം വെട്ടിക്കുറച്ചതിന് പുറമെയാണിത്.
കേന്ദ്രവിഹിതവും സംസ്ഥാന തനത് വരുമാനവും തമ്മിലുള്ള ദേശീയ ശരാശരി 53%, 47% എന്നിങ്ങനെയാണ്. എന്നാൽ കേരളത്തിലിപ്പോൾ കേന്ദ്ര വിഹിതം 26%വും സംസ്ഥാന വരുമാനം 73% ആണ്. ഇതാണ് സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് കാരണം. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തുമ്പോൾ സംസ്ഥാനത്തെ നികുതി,നികുതിയേതര വരുമാനം ചേർത്ത് 47000കോടിയായിരുന്നു. ഇപ്പോൾ നികുതിവരുമാനം തന്നെ 76000കോടിയിലെത്തി. നികുതിയേതര വരുമാനം കൂടി ചേരുമ്പോൾ അത് 95000കോടിയാകും. ഈ വർഷം അവസാനത്തോടെ അത് ഒരുലക്ഷം കടക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |