ന്യൂഡൽഹി: പതിനാറാം വയസിൽ നടത്തിയ മുസ്ലിം പെൺകുട്ടിയുടെ വിവാഹത്തിന് നിയമസാധുത ഉണ്ടെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ നിലപാടിനെ സുപ്രീം കോടതിയും ശരിവച്ചു.
ഋതുമതിയാകുന്നതോടെ മുസ്ലിം പെൺകുട്ടിക്ക് മുസ്ലീം വ്യക്തിനിയമപ്രകാരം വിവാഹം കഴിക്കാമെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
സമൂഹത്തിലെ യാഥാർത്ഥ്യങ്ങൾ മനസിലാക്കണമെന്ന് വാദംകേൾക്കവേ സുപ്രീംകോടതി പറഞ്ഞു. ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചു ഒരേ ക്ലാസിൽ പഠിക്കുന്ന സാഹചര്യമാണ്. പ്രണയിക്കുന്നത് ക്രിമിനൽ കുറ്രമാണോയെന്നും കോടതി ചോദിച്ചു.2022ലാണ് 16കാരിയായ മുസ്ലിം പെൺകുട്ടി പ്രണയിച്ച് വിവാഹം കഴിച്ചത്.വീട്ടുകാരുടെ ഭീഷണിയെ തുടർന്ന് ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടുകയായിരുന്നു.
ഇതിനെതിരെയാണ് ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ സമർപ്പിക്കാൻ ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന് അധികാരമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. കുട്ടികളെ സംരക്ഷിക്കാൻ ഉത്തരവാദിത്തമുള്ള കമ്മിഷൻ തന്നെ ഇങ്ങനെ ചെയ്യുന്നത് വിചിത്രമാണെന്നും നിരീക്ഷിച്ചു. 18 വയസ് പൂർത്തിയാകാത്ത പെൺകുട്ടിക്ക് വ്യക്തി നിയമം അനുസരിച്ച് വിവാഹം കഴിക്കാൻ നിയമപരമായി കഴിയുമോയെന്ന ചോദ്യമാണ് കമ്മിഷൻ ഉയർത്തിയത്. ഈ കേസിൽ ആ നിയമപ്രശ്‌നം ഉദിക്കുന്നില്ലെന്നും ഉചിതമായ കേസുകളിലാണ് ഇത്തരം വാദങ്ങൾ ഉന്നയിക്കേണ്ടതെന്നും കോടതി പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |