പത്തനാപുരം: നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് കിണറ്റിലേക്ക് തെറിച്ചുവീണ അമ്മയും മകനും നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടവട്ടം മഠത്തിൽ വടക്കേതിൽ വീട്ടിൽ അഞ്ജു (32) മകൻ ശ്രേയസ് (7) എന്നിവരാണ് രക്ഷപ്പെട്ടത്.
ഇന്നലെ വൈകിട്ട് 3.30 ഓടെ കുന്നിക്കോട് കോട്ടവട്ടം വട്ടപ്പാറ പള്ളിക്ക് സമീപത്തായിരുന്നു അപകടം. കുന്നിക്കോട് കോട്ടവട്ടത്തുള്ള കുടുംബ വീട്ടിൽ പോയി തിരികെ പുനലൂർ മാത്രയിലുള്ള ഭർത്താവിന്റെ വീട്ടിലേക്ക് വരികയായിരുന്നു. വീതി കുറഞ്ഞ വഴിയായതിനാൽ എതിർ ദിശയിൽ നിന്നെത്തിയ മറ്റൊരുവാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ
സ്കൂട്ടർ നിയന്ത്രണം വിട്ട് താഴേക്ക് കിണറ്റിൻ്റെ ഭാഗത്തേക്ക് വീഴുകയായിരുന്നു. കിണറിന്റെ ചുറ്റുകൊട്ടിൽ സ്കൂട്ടർ ഇടിച്ച് നിന്നെങ്കിലും അമ്മയും മകനും തെറിച്ച് കിണറ്റിൽ വീഴുകയായിരുന്നു. സ്കൂട്ടർ വീണതിന്റെ ആഘാതത്തിൽ കിണറിൻ്റെ ഇരു തൂണുകളും തകർന്നു. ഇത് കിണറ്റിലേയ്ക്ക് വീഴാതിരുന്നത് ഭാഗ്യമായി. നിലവിളികേട്ട് സമീപത്ത് ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരും ചേർന്ന് കയറും കസേരകളും കെട്ടിയിറക്കി ഇരുവരെയും കരയ്ക്ക് എത്തിച്ചു. തുടർന്ന് ഇരുവരെയും പുനലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആൾ താമസമില്ലാത്ത പുരയിടത്തിലെ കിണറ്റിലാണ് വീണതെന്ന് പ്രദേശവാസികൾ പറഞ്ഞു. പത്തനാപുരം ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |