
ടെഹ്റാൻ: ഇറാന്റെ ദീർഘദൂര ആയുധ ശേഖരത്തിന്റെ ഭൂരിഭാഗവും നശിപ്പിച്ചെന്ന് യു.എസും ഇസ്രയേലും അവകാശപ്പെടുമ്പോഴും ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള വ്യോമാക്രമണങ്ങളിൽ ശമനമില്ല. ഇറാന്റെ കൂടുതൽ ഡ്രോണുകൾ ഇന്നലെ കുവൈറ്റ്, യു.എ.ഇ, ഇറാക്ക്, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളെ ലക്ഷ്യമിട്ടു.
അതേ സമയം, യുദ്ധം ഉടൻ അവസാനിക്കുമെന്നും എണ്ണ വിലക്കയറ്റം അധിക നാൾ നിലനിൽക്കില്ലെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ചു. യുദ്ധം എങ്ങനെ അവസാനിപ്പിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. അത്തരം സൂചനകൾ നിലവിൽ പ്രകടമല്ല. വിട്ടുവീഴ്ചയില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇറാൻ.
മുൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയേയും ഉന്നത രാഷ്ട്രീയ-സൈനിക നേതാക്കളെയും യു.എസും ഇസ്രയേലും ചേർന്ന് വധിച്ചിരുന്നു. എന്നിട്ടും, ഇറാനിലെ ഭരണകൂടത്തിന്റെ ശക്തി ക്ഷയിച്ചിട്ടില്ലെന്നും തകർച്ചയുടെ വക്കിലല്ലെന്നും ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
# യുദ്ധം നിറുത്താം, പക്ഷേ...
യു.എസും ഇസ്രയേലും തുടങ്ങിവച്ച യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ മൂന്ന് നിബന്ധനകൾ മുന്നോട്ടുവച്ചു.
1. ഇറാന്റെ അവകാശങ്ങൾ അംഗീകരിക്കണം
2. നഷ്ടപരിഹാരം വേണം
3. ഭാവിയിൽ ഇത്തരം ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന അന്താരാഷ്ട്ര ഉറപ്പ്
# മേഖലയെ ഇരുട്ടിലാക്കും: ഇറാൻ
യു.എസ് തങ്ങളുടെ ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാൽ മേഖലയെ ഇരുട്ടിലാക്കുമെന്ന് ഇറാൻ
ഇറാനിൽ ടെഹ്റാൻ, ഇസ്‌ഫഹാൻ, അരക് തുടങ്ങി പ്രധാന നഗരങ്ങളിൽ വ്യാപക സ്ഫോടനം. മരിച്ചവരുടെ എണ്ണം 1,800 കടന്നെന്ന് റിപ്പോർട്ട്
ഇറാക്കിൽ വ്യോമാക്രമണത്തിൽ 9 ഇറാൻ അനുകൂല വിമതർ കൊല്ലപ്പെട്ടു. കുർദ്ദിസ്ഥാനിൽ ഇറ്റാലിയൻ സൈനിക ബേസിന് നേരെ ആക്രമണം
ലെബനനിൽ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേൽ തുടരുന്ന ആക്രമണത്തിൽ മരിച്ചവർ 680 കടന്നു. ഇസ്രയേലിനെ ലക്ഷ്യമാക്കി 200ലേറെ ഹിസ്ബുള്ളാ റോക്കറ്റുകൾ. ഭൂരിഭാഗവും തകർത്തു. ഏതാനും പേർക്ക് പരിക്ക്
ഇസ്രയേലിലെ സൈനിക ബേസുകൾക്കും സുരക്ഷാ കേന്ദ്രങ്ങൾക്കും നേരെ ഇറാൻ ആക്രമണം
ബഹ്റൈൻ വിമാനത്താവളത്തിന് സമീപവും മുഹറഖിലെ എണ്ണ സംഭരണ കേന്ദ്രങ്ങൾക്ക് നേരെയും ഡ്രോണാക്രമണം
ഒമാനിലെ മിന അൽ ഫഹൽ എണ്ണ ടെർമിനലിലെ കപ്പലുകളെ സുരക്ഷാ നടപടികളുടെ ഭാഗമായി ഒഴിപ്പിച്ചു
സൗദി അറേബ്യയിലെ റിയാദിൽ എംബസികൾ സ്ഥിതി ചെയ്യുന്ന മേഖലയെ ലക്ഷ്യമാക്കിയ ഡ്രോണിനെ തകർത്തു
ഖത്തറിനെ ലക്ഷ്യമാക്കിയ 9 ബാലിസ്റ്റിക് മിസൈലുകൾ തകർത്തു
കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഡ്രോണാക്രമണം. നേരിയ നാശനഷ്ടം. ഡ്രോൺ അവശിഷ്ടം പതിച്ച് ആറ് പവർ ട്രാൻസ്‌മിഷൻ ലൈനുകൾക്ക് തകരാർ. കൂടിച്ചേരലുകൾക്ക് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തി
ദുബായ്‌യിൽ ഷെയ്ഖ് സായിദ് റോഡിലും അൽ ബാദാ ഏരിയയിലും ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചു. ക്രീക്ക് ഹാർബറിൽ ഡ്രോൺ കെട്ടിടത്തിൽ ഇടിച്ചു. ഡ്രോൺ അവശിഷ്ടം പതിച്ച് അബുദാബി വിമാനത്താവളത്തിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി
നേപ്പാളിൽ പാചക വാതക വിതരണത്തിന് നിയന്ത്രണമേർപ്പെടുത്തി
ഗൾഫിലെ ഇറാൻ ആക്രമണത്തെ അപലപിച്ച് യു.എൻ രക്ഷാ സമിതി. ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യം. യു.എസ്, ഇസ്രയേൽ ആക്രമണങ്ങൾ പരാമർശിക്കാതെയുള്ള പ്രമേയം 13 വോട്ടിന് സമിതിയിൽ പാസായി. റഷ്യയും ചൈനയും വിട്ടുനിന്നു. എല്ലാ കക്ഷികളും ആക്രമണം നിറുത്തണമെന്ന് ആവശ്യപ്പെടുന്ന റഷ്യയുടെ കരട് പ്രമേയം തള്ളി. യു.എന്നിന്റേത് ഇരട്ടത്താപ്പെന്ന് ഇറാൻ
ചെങ്കടലിലുള്ള യു.എസിന്റെ ജെറാൾഡ് ആർ. ഫോർഡ് വിമാനവാഹിനിയിൽ ചെറിയതോതിൽ തീപിടിത്തം. തീപിടിത്തത്തിന് സംഘർഷവുമായി ബന്ധമില്ല. രണ്ട് നാവികർക്ക് പരിക്ക്. മറ്റ് നാശനഷ്ടങ്ങളില്ല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |