
വർക്കല: ശിവഗിരി സന്ദർശനത്തിനെത്തുമ്പോഴും മടങ്ങുമ്പോഴും സ്നേഹത്തിന്റെയും ലാളിത്യത്തിന്റെയും അപൂർവ്വ നിമിഷങ്ങൾ രാഷ്ട്രപതി സമ്മാനിച്ചു.
രാഷ്ട്രപതിയുടെ വാഹനവ്യൂഹം വർക്കല ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലൂടെ കടന്നുപോകുമ്പോൾ റോഡിന്റെ ഇരുവശങ്ങളിലും സ്റ്റുഡന്റ് പൊലീസ്, എൻ.സി.സി കേഡറ്റുകൾ സല്യൂട്ട് നൽകി സ്വാഗതം ചെയ്യാൻ കാത്തുനിന്നിരുന്നു. ഇവരുടെ മുന്നിലെത്തിയതും രാഷ്ട്രപതി വാഹനം നിറുത്താൻ ആവശ്യപ്പെട്ടു. വാഹനത്തിൽ നിന്ന് ഇറങ്ങി പിന്നിലേക്ക് നടന്ന് വിദ്യാർത്ഥികളുടെ അടുത്തെത്തി. അവർ നൽകിയ ചെണ്ടുമല്ലി പൂക്കൾ ദ്രൗപതി മുർമു സന്തോഷത്തോടെ സ്വീകരിച്ചു. കൈവീശി, പുഞ്ചിരിയോടെ തിരികെ വാഹനത്തിൽ കയറി ശിവഗിരിയിലേക്കുള്ള യാത്ര തുടർന്നു.
ശിവഗിരി സന്ദർശനം കഴിഞ്ഞു മടങ്ങവേ ഇന്ദിരാപാർക്ക് ജംഗ്ഷന് സമീപം കാത്തു നിന്ന വർക്കല ഗവ. എൽ.പി.ജി.എസിലെ കുരുന്നുകളുടെയും നാട്ടുകാരുടെയും അടുത്തേക്കും രാഷ്ട്രപതി എത്തി. കരസ്പർശത്തിനായി നീട്ടിയവരെ നിരാശപ്പെടുത്തിയില്ല. തൊഴുകൈകളോടെ യാത്രപറഞ്ഞാണ് മടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |