
പത്തനംതിട്ട ∙ ശബരിമല സ്വർണക്കവർച്ചക്കേസിൽ അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചാലുടൻ പ്രതിയായ എ. പത്മകുമാറിനെതിരെ സി.പി.എം നടപടിയെടുത്തേക്കും. ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇതുസംബന്ധിച്ച് സൂചന നൽകി.
തദ്ദേശ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് നടപടിയെടുത്താൽ തിരിച്ചടിയുണ്ടായേക്കുമെന്ന് പാർട്ടിക്ക് ആശങ്കയുണ്ട്. പാർട്ടി വിശ്വസിച്ച് ചുമതല ഏൽപിച്ചവർ നീതി പുലർത്തിയില്ലെന്ന് യോഗത്തിൽ എം.വി.ഗോവിന്ദൻ പറഞ്ഞു. പത്മകുമാറിനെതിരെ നടപടി വേണമെന്ന ജില്ലയിലെ ഒരുവിഭാഗം നേതാക്കളുടെ ആവശ്യം പാർട്ടി അംഗീകരിക്കുന്നുവെന്നാണ് ഗോവിന്ദന്റെ വാക്കുകൾ വ്യക്തമാക്കുന്നത്. വിധി വരുംവരെ പത്മകുമാർ കുറ്റക്കാരനല്ലെന്ന മുൻനിലപാടിൽ നിന്നുള്ള ഈ മാറ്റം പാർട്ടിയുടെ താഴേത്തട്ടിൽ നിന്ന് പത്മകുമാറിനെതിരെ ഉയർന്ന പ്രതിഷേധത്തിന്റെ പ്രതിഫലനമാണ്.
എല്ലാ ഏരിയാ സെക്രട്ടറിമാരെയും പങ്കെടുപ്പിച്ച ജില്ലാ കമ്മിറ്റി യോഗത്തിൽ ആമുഖമായി എം.വി.ഗോവിന്ദൻ സ്വർണക്കൊള്ളയിലെ നിലപാട് അറിയിച്ചതോടെ
തുടർ ചർച്ചകളിൽ പത്മകുമാർ വിഷയം ഉയർന്നില്ല. കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ അന്നത്തെ ദേവസ്വം കമ്മിഷണർ എൻ.വാസു മൂന്നാം പ്രതിയും ബോർഡ് എട്ടാം പ്രതിയുമാണ്. വാസുവും പത്മകുമാറും റിമാൻഡിലാണ്.
അയ്യപ്പന്റെ ഒരുതരി പൊന്നു പോലും നഷ്ടമാകില്ലെന്നും സ്വർണക്കൊള്ളയിൽ സി.പി.എമ്മിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ പാർട്ടി നടപടി ഉണ്ടാകുമെന്നും എം.വി.ഗോവിന്ദൻ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോടു പറഞ്ഞു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്, ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |