SignIn
Kerala Kaumudi Online
Thursday, 19 February 2026 4.05 AM IST

സ്മാർട്ട് കാലഘട്ടത്തിലെ നൂതന ഇടനാഴി

Increase Font Size Decrease Font Size Print Page
budget

കൊച്ചി: കേന്ദ്രബഡ്ജറ്റിൽ പ്രഖ്യാപിച്ച 'അപൂർവ ധാതു ഇടനാഴി" കേരളത്തിന്റെ വികസനത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷ. കരിമണൽ,ക്വാർട്‌സ് ക്രിസ്റ്റൽ,കളിമണ്ണ് തുടങ്ങിയവയുടെ ഖനനം വിപുലമാക്കാനും പുതിയ ധാതുക്കളെ കണ്ടെത്താനും സഹായകമാകും. തെക്കൻ മേഖലയിൽ വൈഡൂര്യം,മരതകം തുടങ്ങിയവയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാനത്തിന് സുപരിചിതമല്ലാത്ത പദ്ധതിയാണെങ്കിലും മാറുന്ന കാലത്തിനൊപ്പം മുന്നേറാൻ ഇടനാഴി പ്രാപ്തമാക്കുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. ധാതുസമ്പന്നമായ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ഇടനാഴിയിൽ ഒഡീഷ,ആന്ധ്ര,തമിഴ്‌നാട് സംസ്ഥാനങ്ങളുമുണ്ട്. ധാതുഖനനം,സംസ്‌കരണം,നിർമ്മാണം തുടങ്ങിയവയിൽ പങ്കാളിയാകാൻ കഴിയുമെന്നത് കേരളത്തിന് നേട്ടമാണ്.
സ്മാർട്ട് ഫോണുകൾ,ഇലക്ട്രിക് വാഹനങ്ങൾ,കാറ്റാടി യന്ത്രങ്ങൾ,ഉപഗ്രഹങ്ങൾ,മിസൈലുകൾ തുടങ്ങിയവയുടെ നിർമ്മാണത്തിന് അപൂർവ ധാതുക്കൾ അനിവാര്യമാണ്. ഈ രംഗത്ത് രാജ്യം ശ്രദ്ധകേന്ദ്രീകരിക്കുകയാണ്. അപൂർവ ധാതുക്കളുടെ കയറ്റുമതിയിലും വ്യവസായത്തിലും ചൈനയ്‌ക്കാണ് ആധിപത്യം. അതുകൊണ്ട്,രാജ്യം ഏറ്റവും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലയിലാണ് കേരളം ഇടംപിടിച്ചത്. വൻ നിക്ഷേപത്തിനും തൊഴിലവസരങ്ങൾക്കും സാമ്പത്തിക മുന്നേറ്റത്തിനും അവസരമൊരും. അപൂർവ ധാതുഖനനവുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ച് കഴിഞ്ഞ നവംബറിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു.

അപൂർവ

ധാതുക്കൾ

തെക്കേ ഇന്ത്യയിൽ ബോക്‌സൈറ്റ്,തോറിയം,യിട്രിയം,നിയോഡിമിയം,ലന്താനം,സിർകോണിയം,ലിഥിയം തുടങ്ങിയവയുടെ നിക്ഷേപമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ ഇവ എത്രമാത്രമുണ്ടെന്ന് കണ്ടെത്തണം. പര്യവേക്ഷണത്തിന്റെ ചെലവിനനുസരിച്ചുള്ള ശേഖരം കണ്ടെത്തുന്നതിലാണ് വിജയം. കൊച്ചി തീരത്ത് എണ്ണ,പ്രകൃതിവാതക നിക്ഷേപം കണ്ടെത്താൻ നേരത്തേ നടത്തിയ ശ്രമങ്ങൾ വിജയിച്ചിരുന്നില്ല. അതേസമയം,മുൻവിധിയോടെ ഇത്തരം പദ്ധതികളെ സമീപിക്കാനുമാവില്ല.

അപൂർവ ധാതു ഇടനാഴി എന്നത് ഇന്ത്യയുടെ സ്മാർട്ട് പദ്ധതിയാണ്. കേരളത്തിലെ അപൂർവ ധാതുനിക്ഷേപം എത്രമാത്രമുണ്ടെന്ന് കണ്ടെത്തിയിട്ടില്ലാത്തതിനാൽ ഇതിന്റെ സാദ്ധ്യതകൾ മുൻകൂട്ടി പറയാനാവില്ലെങ്കിലും നേട്ടമേ ഉണ്ടാകൂ.

-ഡോ. വി.എസ്. ജോജി,
അസോ. പ്രൊഫസർ, മറൈൻ ജിയോളജി ആൻഡ് ജിയോ ഫിസിക്‌സ് വിഭാഗം, കുസാറ്റ്.

TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY