
വിഴിഞ്ഞം: വിഴിഞ്ഞത്തെ അസ്മാക് സീ ഫുഡ് റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ കോവളം ഭക്ഷ്യസുരക്ഷാ സർക്കിൾ ഓഫീസർ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകി. ഹോട്ടലിലെ ഭക്ഷണമല്ല, മീൻമുട്ടയിൽ അടങ്ങിയിരുന്ന കടൽ വിഷാംശമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഫെബ്രുവരി 16-ന് കൊല്ലം നിലമേൽ സ്വദേശികളായ ആറുപേർ വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് രണ്ട് പേർ മരിക്കുകയും ഏഴ് പേർ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് ചടയമംഗലം പൊലീസിന്റെ സാന്നിദ്ധ്യത്തിൽ ഹോട്ടൽ പൂട്ടിച്ച് സാമ്പിളുകൾ ശേഖരിച്ചിരുന്നു. മരിച്ചവരുടെയും ചികിത്സ തേടിയവരുടെയും ക്ലിനിക്കൽ പരിശോധനാ റിപ്പോർട്ടുകളിലോ മെഡിക്കൽ കോളേജിൽ നടത്തിയ മൈക്രോബയോളജി പരിശോധനയിലോ ഷിഗെല്ല, സാൽമൊണെല്ല, വൈബ്രിയോ കൊളേറിയ തുടങ്ങിയ ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്താനായിട്ടില്ല. ഫെബ്രുവരി 16-ന് ഭക്ഷണം കഴിച്ചവരിൽ പല മത്സ്യങ്ങളുടെ 'മിക്സഡ് മുട്ട' കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. സിഗറ്റേരിയ പോലുള്ള മറൈൻ ടോക്സിനുകൾ മീൻമുട്ട വഴി ശരീരത്തിലെത്തിയതാകാം മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. .
തമിഴ്‌നാട്ടിലെ മുട്ടം, തേങ്ങാപ്പട്ടണം ഹാർബറുകളിൽ നിന്ന് മീൻമുട്ട എത്തിച്ച ഒ.എൽ.ആർ സീ ഫുഡ് എന്ന സ്ഥാപനം പരിശോധനയ്ക്ക് എത്തിയപ്പോൾ അടച്ചിട്ട നിലയിലായിരുന്നു. ഹോട്ടലിന് മീൻമുട്ട നൽകിയ വ്യക്തി കൃത്യമായ ബില്ലുകൾ നൽകിയിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.ഹോട്ടൽ പരിശോധിച്ചതിൽ നിന്ന് പഴകിയ മീനോ മറ്റ് ഭക്ഷണസാധനങ്ങളോ കണ്ടെത്തിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഭക്ഷ്യസുരക്ഷാ വീഴ്ചയ്ക്ക് മതിയായ തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിൽ, ഹോട്ടൽ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകാവുന്നതാണെന്ന് സർക്കിൾ ഓഫീസർ ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ, തുറക്കാൻ അധികൃതർ അനുമതി നൽകിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |