
കാസർകോട്: സംസ്ഥാനത്ത് വിവിധ അപകടങ്ങളെ തുടർന്ന് ഇന്നലെ പൊലിഞ്ഞത് മൂന്ന് കുരുന്നു ജീവനുകൾ. കാസർകോട്ട് ട്രെയിൻ തട്ടി തെറിച്ചുവീണ അഞ്ചുവയസുകാരി ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു. വീടിനോട് ചേർന്ന ഷെഡിൽ സൂക്ഷിച്ചിരുന്ന വൈബ്രേറ്റർ മെഷീനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് കൊല്ലത്ത് 12 വയസുകാരന്റെ ജീവൻ നഷ്ടപ്പെട്ടു. വീട്ടിലെ ഊഞ്ഞാലിൽ കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങിയാണ് പാലക്കാട്ട് 10 വയസുകാരന് ദാരുണാന്ത്യമുണ്ടായത്.
വല്യുമ്മയ്ക്കൊപ്പം നടക്കവേയാണ് ട്രെയിൻ തട്ടി ആലംപാടി തൈവളപ്പിലെ താഹിർ നജാദ്-ആസിയ ദമ്പതികളുടെ മകൾ മറിയം നവാൽ താഹിറാണ് മരിച്ചത്. ചെങ്കള ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുട്ടിയുടെ വല്ല്യുമ്മ അടുക്കത്ത് ബയലിലെ നഫീസ (52) ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് കുടുംബാംഗത്തിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങുമ്പോൾ മൊഗ്രാൽ നാങ്കിയിലായിരുന്നു അപകടം. മംഗളൂരു - തിരുവനന്തപുരം മാവേലി എക്സ്പ്രസ് കടന്നുപോകവേ ട്രെയിനിന്റെ വേഗതയിലുണ്ടായ ശക്തമായ കാറ്റിൽപ്പെട്ട് ഇരുവരും കുറ്റിക്കാട്ടിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഇതുകണ്ട ലോക്കോ പൈലറ്റ് കാസർകോട് റെയിൽവേ സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടന്ന് കുമ്പള പൊലീസും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. മറിയത്തിന്റെ തലയ്ക്ക് അതിഗുരുതരമായി പരിക്കേറ്റു.
ആദിദേവിന്റെ ജീവനെടുത്തത് വൈദ്യുതാഘാതം
കൊല്ലം: വീടിനോട് ചേർന്ന ഷെഡിൽ സൂക്ഷിച്ചിരുന്ന തകരാറിലായ വൈബ്രേറ്റർ മെഷീനിൽ നിന്ന് (കോൺക്രീറ്റ് പണിക്ക് ഉപയോഗിക്കുന്നത്) വൈദ്യുതാഘാതമേറ്റാണ് കൊല്ലം കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനിൽ ആദിദേവ് (12) മരിച്ചത്. ഇന്നലെ രാവിലെ 10നായിരുന്നു സംഭവം. ഈ സമയം മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല. ആദിദേവിനെ കാണാതായതോടെ
സഹോദരി ആർദ്ര തെരയുകയും ഷെഡിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയുമായിരുന്നു. ആർദ്രയുടെ നിലവിളി കേട്ടെത്തിയ അയൽക്കാർ ആദിദേവിനെ കുണ്ടറ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തയ്യൽ മെഷീനിന് മുകളിൽ വൈദ്യുതി പ്ലഗ്ഗിൽ കുത്തി സ്വിച്ച് ഓൺ ചെയ്ത നിലയിലായിരുന്നു വൈബ്രേറ്റർ. കുണ്ടറ എം.ജി.ഡി ഹയർ സെക്കൻഡറി സ്കൂൾ ഫോർ ബോയ്സിലെ ആറാംക്ലാസ് വിദ്യാർത്ഥിയാണ്. കോൺക്രീറ്റ് കരാറുകാരനായ രതീഷും അമൃതയുമാണ് മാതാപിതാക്കൾ.
ഊഞ്ഞാൽ കുരുക്കിൽ പിടഞ്ഞ് അഭിനവ്
പാലക്കാട്: വീട്ടിലെ ഊഞ്ഞാലിൽ കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങിയാണ് നല്ലേപ്പിള്ളി സൗത്ത് സ്ട്രീറ്റ് കറുപ്പ് സ്വാമി-പ്രിയ ദമ്പതികളുടെ മകൻ അഭിനവ് മരിച്ചത്. കൊഴിഞ്ഞാമ്പാറ സെന്റ് ഫ്രാൻസിസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്നലെ രാവിലെ പത്തരയോടെയാണ് നാടിനെ നടുക്കിയ അപകടം. അച്ഛനും അമ്മയും സഹോദരി അഭിനയയുടെ പ്ലസ് ടു സ്‌കൂൾ അഡ്മിഷനു വേണ്ടി പോയിരിക്കുകയായിരുന്നു. മുത്തശ്ശി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അപകടമുണ്ടായ ഉടൻ അയൽവാസികൾ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പാലക്കാട് ഗവ. ജില്ല ആശുപത്രിയിലുമെത്തിച്ചെങ്കിലും കുട്ടി മരിച്ചു. ചിറ്റൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്‌കാരം നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |