തിരുവനന്തപുരം: ഒപ്പം പ്രവർത്തിച്ചവർ തന്നെ പിന്നിൽ നിന്നും കുത്തുമെന്ന് കരുതിയില്ലെന്ന് ഡോ.ഹാരിസ്. മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. താൻ മാദ്ധ്യമങ്ങളോട് സംസാരിച്ചതാകും അവർക്ക് പ്രകോപനമായതെന്നും തന്നോട് കാര്യങ്ങൾ സംസാരിച്ച് കുഴപ്പമില്ലെന്ന് പറഞ്ഞവരാണ് വാർത്താസമ്മേളനത്തിൽ സംസാരിച്ചതെന്നും ഡോ.ഹാരിസ് പറഞ്ഞു.
ഡോക്‌ടർ ഹാരിസിന്റെ വാക്കുകൾ: 'ഇത്തരം പ്രവർത്തനം ശരിയല്ല. ഈ രംഗം മുന്നോട്ട് കൊണ്ടുപോകാൻ ഇവരുടെയൊക്കെ സഹകരണം ഇനിയും വേണം. എന്നോട് നേരിട്ടോ, ഫോൺ മുഖേനയോ, ആരെങ്കിലും മുഖാന്തരമോ ഒരു വാക്ക് ചോദിക്കാമായിരുന്നു. അത് തേടിയില്ല. മാദ്ധ്യമങ്ങളോട് ഞാൻ സംസാരിച്ചതാകും അവർക്ക് പ്രകോപനമായത്.എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്നറിയില്ല. പരിശോധന നടത്തിയ സമയത്ത് എന്നോട് ഒന്ന് ചോദിക്കാമായിരുന്നു. എന്നോട് കാര്യങ്ങൾ സംസാരിച്ച് കുഴപ്പമില്ല എന്ന് പറഞ്ഞവരാണ് വാർത്താസമ്മേളനത്തിൽ സംസാരിച്ചത്.'
സിസ്റ്റത്തിലെ കുഴപ്പങ്ങൾ തുറന്നുപറഞ്ഞതിനാലാകാം തനിക്കെതിരെ പ്രശ്‌നമുണ്ടായത് എന്നും അദ്ദേഹം സൂചിപ്പിച്ചു. നേരത്തെ കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ (കെജിഎംസിറ്റിഎ) സമൂഹമാദ്ധ്യമ ഗ്രൂപ്പിൽ ഡോ.ഹാരിസ് തുറന്നെഴുതിയിരുന്നു. ചില സഹപ്രവർത്തകർ തന്നെ മരണത്തിലേക്ക് വരെ എത്തിക്കാൻ ശ്രമിച്ചു എന്നും അവർക്ക് കാലം മാപ്പ് തരട്ടെ എന്നും കുറിച്ച ഡോക്‌ടർ ഹാരിസ് കേരളം കൂടെ നിന്നപ്പോഴും ചില സഹപ്രവർത്തകർ തന്നെ ജയിലിടക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ചു. 'സഹപ്രവർത്തകനെ ജയിലിലയക്കാൻ വ്യഗ്രത ഉണ്ടായി. വെള്ളിനാണയങ്ങൾക്ക് വേണ്ടി സഹപ്രവർത്തകനെ മരണത്തിലേക്ക് വരെ എത്തിക്കാൻ ശ്രമിച്ചവരുണ്ട്. സാധാരണക്കാരന് വേണ്ടി സംസാരിച്ചപ്പോൾ ലോകം കൂടെ നിന്നു. എന്നാൽ ചില ഡോക്‌ടർമാർ പ്രതിജ്ഞക്ക് വിരുദ്ധമായി പ്രവർത്തിച്ചു.'
ഇതിനിടെ ഡോക്‌ടർ ഹാരിസിനെതിരെ ആരോപണവുമായി വാർത്താസമ്മേളനം വിളിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, സൂപ്രണ്ട്, ഇവർക്ക് നിർദ്ദേശം നൽകിയ ഡിഎംഇ എന്നിവർക്കെതിരെ അതൃപ്‌തി വർദ്ധിക്കുകയാണ്. ഇവരെ കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം യൂണിറ്റിന്റെ വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കി. ഭരണചുമതലയുള്ളവർ ഗ്രൂപ്പിൽ തുടരരുതെന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ട്രാൻസ്‌ഫർ ആയിപ്പോകുന്നവരും ഗ്രൂപ്പിൽ നിന്ന് പുറത്തുപോകണം എന്ന് നിർദ്ദേശം ഗ്രൂപ്പിലുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |