
പാലക്കാട്: ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് കൈ മുറിച്ചുമാറ്റേണ്ടിവന്ന ഒമ്പത് വയസുകാരി ഇന്ന് ആശുപത്രി വിട്ടേക്കും. കഴിഞ്ഞ ഒരു മാസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കുട്ടിക്ക് വേണ്ട ചികിത്സാ ചെലവും മുന്നോട്ടുള്ള പിന്തുണയും തേടി സമീപിച്ചിട്ടും സർക്കാരും ആരോഗ്യ വകുപ്പും തിരിഞ്ഞുനോക്കിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
സഹോദരനൊപ്പം കളിക്കുന്നതിനിടെ നിലത്ത് വീണതായിരുന്നു ഒമ്പത് വയസുകാരി വിനോദിനി. സെപ്‌തംബർ 24നായിരുന്നു അപകടം. അന്നുതന്നെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ കാണിച്ചെങ്കിലും വലതു കൈയൊടിഞ്ഞതിനാല്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു നിര്‍ദേശം. കൈയിൽ മുറിവുമുണ്ടായിരുന്നു. ജില്ലാ ആശുപത്രിയില്‍ നിന്നും കൈക്ക് പ്ലാസ്റ്ററിട്ടു.
കൈവിരലുകളില്‍ കുമിള പൊന്തിയതോടെ വീണ്ടും ആശുപത്രിയിലെത്തിയപ്പോഴേക്കും കൈ അഴുകിയ നിലയിലായി. പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കൈ മുറിച്ചുമാറ്റേണ്ടി വന്നു. ഗുരുതര ചികിത്സാപ്പിഴവിൽ ഒരു നടപടിയും ഉണ്ടായില്ലെന്ന് കുടുംബം ആവര്‍ത്തിക്കവെയാണ് പെണ്‍കുട്ടി ആശുപത്രി വിടാനൊരുങ്ങുന്നത്.
സംഭവത്തിൽ മുഖം രക്ഷിക്കാനായി ആരോഗ്യവകുപ്പ് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ കുറ്റക്കാർക്കെതിരെ കടുത്ത നടപടി വേണമെന്നും ധനസഹായം ലഭ്യമാക്കണമെന്നുമുള്ള കുടുംബത്തിന്റെ ആവശ്യം ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. ചികിത്സാപ്പിഴവിൽ കുടുംബം നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |