
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് കൊല്ലം സ്വദേശി വേണു മരിച്ചെന്ന കുടുംബത്തിന്റെ പരാതിയിൽ പ്രതികരണവുമായി ഡോക്ടർമാർ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ. മാത്യു ഐപ്പാണ് വിവാദങ്ങളിൽ പ്രതികരിച്ചത്. ആശുപത്രിയിലെത്തുന്ന എല്ലാ രോഗികളും ഒരുപോലെയാണെന്നായിരുന്നു ഡോക്ടർമാരുടെ പ്രതികരണം.
'എല്ലാ രോഗികളും ഞങ്ങൾക്ക് ഒരുപോലെയാണ്. കൊച്ചനുജനെ പോലെയാണ് അദ്ദേഹത്തെയും കാണുന്നത്. രോഗികളുടെ വിവരങ്ങൾ പുറത്തുപറയുന്നത് ശരിയല്ല. സംഭവം വിവാദമായതുകൊണ്ട് ചില കാര്യങ്ങൾ പറയാം. നവംബർ ഒന്നിനാണ് നെഞ്ചുവേദനയായിട്ടാണ് രോഗി ആശുപത്രിയിൽ എത്തിയത്. കാർഡിയോളജി വിഭാഗത്തിലെ ഡോക്ടറെയാണ് കണ്ടത്. ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചു. അദ്ദേഹത്തിന് വേദന തുടങ്ങി 24 മണിക്കൂറിനുശേഷമാണ് ആശുപത്രിയിലെത്തുന്നത്.
മരിച്ച വേണുവിന് ചികിത്സ നൽകിയതിൽ വീഴ്ച വരുത്തിയിട്ടില്ല. പ്രോട്ടോക്കോൾ അനുസരിച്ചുളള ചികിത്സ മാത്രമാണ് നൽകാറുളളത്. സമയം വൈകിയതുകൊണ്ട് പ്രാഥമിക ആൻജിയോപ്ലാസ്റ്റി ഉൾപ്പെടെ നൽകാൻ സാധിച്ചില്ല. മറ്റ് മരുന്നുകൾ നൽകി. അഞ്ചിന് വൈകിട്ട് ഹാർട്ട് ഫെയ്ലിയർ ഉണ്ടായി. ഏറ്റവും മികച്ച ചികിത്സയാണ് നൽകിയത്. ഹൃദയാഘാതത്തിന് എന്തുചികിത്സ നൽകിയാലും പത്ത് മുതൽ 20 ശതമാനം വരെ മരണം സംഭവിക്കാൻ സാദ്ധ്യതയുണ്ട്. അദ്ദേഹം ചെറുപ്പമായിരുന്നു. വേണുവിന്റെ ഓഡിയോ സന്ദേശത്തെക്കുറിച്ച് അറിയില്ല. ഇതുമായി ബന്ധപ്പെട്ട് ഞാൻ അന്വേഷണം നടത്തി. വേണുവിന് ആവശ്യമായ എല്ലാ ചികിത്സയും നൽകി. രോഗികളോട് അവരുടെ അവസ്ഥയെക്കുറിച്ച് പറയാറുണ്ട്'- ഡോക്ടർ പറഞ്ഞു.
അതേസമയം, മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണങ്ങളാണ് വേണുവിന്റെ ഭാര്യ സിന്ധു ആരോപിക്കുന്നത്. ഹൃദയാഘാതം വന്നയാളെ നിലത്ത് തുണിവിരിച്ചാണ് കിടത്തിയതെന്നും വേദന സഹിക്കാൻ കഴിയുന്നില്ലെന്ന് ഭർത്താവ് പല തവണ കേണപേക്ഷിച്ചിട്ടും മരുന്ന് നൽകിയില്ലെന്നും സിന്ധു മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |