തിരുവനന്തപുരം: ലഹരി വ്യാപനം തടയാൻ പൊലീസും എക്സൈസും നടത്തുന്ന ഓപ്പറേഷനുകളിൽ ഇതുവരെ അറസ്റ്റിലായത് 19,247പേർ. 18,504 കേസുകളെടുത്തു. 8.8കിലോ എം.ഡി.എം.എയും 1,680കിലോ കഞ്ചാവും പിടിച്ചെടുത്തു. ഡി-ഹണ്ട് എന്നപേരിൽ പൊലീസും ക്ലീൻ സ്റ്റേറ്റ് എന്നപേരിൽ എക്സൈസും നടത്തുന്ന ഓപ്പറേഷനുകളിലാണിത്.
കഴിഞ്ഞ വർഷം എടുത്തത് 35,690 കേസുകൾ. പരിശോധന കർശനമാക്കിയതോടെ ഇക്കൊല്ലം അരലക്ഷം കടന്നേക്കും. നിരന്തരമായ പരിശോധനകളിലൂടെ അന്തർസംസ്ഥാന ലഹരി മാഫിയയെ ഉൾപ്പെടെ നിയന്ത്രിക്കാനായെന്നും കേരളത്തിലേക്കുള്ള ലഹരി ഒഴുക്ക് കുറഞ്ഞെന്നും പൊലീസ്. ലഹരിവേട്ടയ്ക്ക് പൊലീസും എക്സൈസും ചേർന്ന് കർമ്മപദ്ധതി തയ്യാറാക്കുന്നുണ്ട്.
സ്കൂളുകൾക്കടുത്ത് ലഹരി വിൽക്കുന്ന കടകൾ പൂട്ടിക്കും. 10 കടകളുടെ ലൈസൻസ് അടുത്തിടെ റദ്ദാക്കി. ലഹരിക്കാരുടെ സ്വത്തുക്കൾ കണ്ടുകെട്ടും. വിദ്യാർത്ഥികളെ കാരിയർമാരും വില്പനക്കാരുമാക്കുന്നതും തടയും.
1,140 സ്കൂളുകൾക്ക്
സമീപം ലഹരി ഇടപാട്
1,140 സ്കൂളുകൾക്കടുത്ത് ലഹരി ഇടപാടുകളുണ്ടെന്ന് നേരത്തേ എക്സൈസ് കണ്ടെത്തിയിരുന്നു. 104 സ്കൂളുകൾ തീവ്രലഹരി ഉപയോഗമുള്ള ഹോട്ട്സ്പോട്ടുകളാണ്. തിരുവനന്തപുരത്താണ് ഏറ്റവുമധികം-43. സ്കൂളുകളിൽ 325 കുട്ടികളുടെ ലഹരിയുപയോഗം കണ്ടെത്തിയിരുന്നു. സ്കൂളുകളിലെ ലഹരി വില്പന കണ്ടെത്താൻ മഫ്‌തിയിൽ നിരീക്ഷണവും ക്യാമ്പസുകളിൽ മിന്നൽ റെയ്ഡുകളും തുടരുന്നു. ലഹരി ഉപയോഗം കണ്ടെത്താൻ കിറ്റുപയോഗിച്ച് ഉമിനീർ പരിശോധനയും നടത്തുന്നു. ക്യാമ്പസുകളിൽ റെയ്ഡിന് പൊലീസിനും എക്സൈസിനും മുൻകൂർഅനുമതി ആവശ്യമില്ല. ഹോസ്റ്റലുകളിൽ നിരന്തരം പരിശോധനകളുണ്ടാവും.
2 കേസുണ്ടെങ്കിൽ
കരുതൽ തടങ്കൽ
1.വിദ്യാർത്ഥികൾക്ക് ലഹരി എത്തിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടു കേസുകളെങ്കിലുമുള്ളവരെ കരുതൽ തടങ്കലിലാക്കും. 1,681 ലഹരിക്കടത്തുകാരുടെ പട്ടികയുണ്ടാക്കി
2.കുറ്റകൃത്യം ആവർത്തിക്കുന്നവരെ കേന്ദ്രനിയമം ചുമത്തി അകത്താക്കും. സ്കൂളുകളിലും സമീപത്തെ ഒഴിഞ്ഞകെട്ടിടങ്ങളിലും കുറ്റിക്കാടുകളിലുമെല്ലാം പരിശോധനയുണ്ടാവും
3.അദ്ധ്യാപകർ, പി.ടി.എ, ജനപ്രതിനിധികൾ, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ എന്നിവരടങ്ങിയ നിരീക്ഷണ, ജാഗ്രതാസമിതികളും ലഹരിവിരുദ്ധ ക്ലബുകളുമുണ്ടാക്കുമെന്ന് എക്സൈസ്
4.കുട്ടികളിലെ ലഹരി ഉപയോഗം കണ്ടെത്താൻ 1,80,000 അദ്ധ്യാപകർക്ക് പരിശീലനം നൽകി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |