കൊച്ചി: രാസലഹരിക്കേസിൽ ജാമ്യം ലഭിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ മൊഴികൾ വിശദമായി പരിശോധിച്ച് അന്വേഷണ സംഘം. നടനെ നാളെ വീണ്ടും ചോദ്യം ചെയ്യുന്നതിന് മുൻപാണ് ഇഴകീറിയുളള പരിശോധന. ഷൈൻ ലഹരി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ഇന്നലെ നടത്തിയ പരിശോധനകളുടെ ഫലത്തിനായി കാത്തിരിക്കുകയാണ് പൊലീസ്. ഹോട്ടലിൽ താമസിച്ചത് ലഹരി ഉപയോഗിക്കാനും ഗൂഢാലോചനയ്ക്കുമെന്നാണ് ഷൈനിനെതിരായ എഫ്ഐആറിൽ പറയുന്നത്. ഷൈനിന്റെ ഫോൺ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നടൻ നടത്തിയ പണമിടപാടുകളിലും ദുരൂഹത ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
രാസലഹരിക്കേസിലെ രണ്ടാം പ്രതി അഹമദ് മുർഷാദിന്റെയും ഫോണുകൾ വിശദ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. ഹോട്ടലുകളിൽ താമസിച്ചിരുന്ന ദിവസങ്ങളിൽ ഷൈനിനെ സന്ദർശിച്ചവരുടെ പട്ടികയും അടുത്തിടെ നടൻ സംസ്ഥാനത്തിന് പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു വരികയാണ്. ഇന്നലെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയതിനുപിന്നാലെയാണ് ഷൈനിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മണിക്കൂറികൾക്കുളളിൽ തന്നെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയക്കുകയും ചെയ്തിരുന്നു. എൻഡിപിഎസ് 27 (ബി), 29 വകുപ്പുകളും ഭാരതീയ നിയമ സംഹിതയിലെ 237, 238 പ്രകാരം തെളിവ് നശിപ്പിക്കലും എന്നീ കുറ്റങ്ങളാണ് ഷൈനെതിരെ ചുമത്തിയിട്ടുള്ളത്. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇത്. ഷൈൻ തെളിവ് നൽകാതിരിക്കാൻ രക്ഷപ്പെട്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്.
അതേസമയം, ഷൂട്ടിംഗ് ലൊക്കേഷനിൽ ഷൈൻ ലഹരി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ നാളെ ഫിലിം ചേമ്പർ കൊച്ചിയിൽ യോഗം ചേരും. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഷൈനിനെ സിനിമകളിൽ നിന്ന് മാറ്റി നിർത്താൻ സിനിമ സംഘടനകളോട് ചേമ്പർ ശുപാർശ ചെയ്‌തേക്കുമെന്നാണ് വിവരം. നാളെ കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ സൂത്രവാക്യം സിനിമയുടെ അണിയറ പ്രവർത്തകരും, സിനിമയിലെ ഐസിസി അംഗങ്ങൾ തുടങ്ങിയവരും പങ്കെടുക്കും. നടി വിൻസിയെയും ഷൈൻ ടോം ചാക്കോയെയും കേട്ട ശേഷമായിരിക്കും നടപടി. താരസംഘടന അമ്മയും ഷൈൻ ടോം ചാക്കോയിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. തിങ്കളാഴ്ചയ്ക്കുളളിൽ വിശദീകരണം നൽകാനാണ് നിർദ്ദേശം.
ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം അഭിനയിക്കില്ലെന്ന് വിൻസി അലോഷ്യസ് അടുത്തിടെ പറഞ്ഞ വീഡിയോ വൈറലായതിനുപിന്നാലെയാണ് കൂടുതൽ അന്വേഷണം നടന്നത്. ഇതിന് പിന്നാലെ നടിക്കെതിരെ സൈബർ ആക്രമണവും നടന്നിരുന്നു. ഒരു പ്രധാന നടൻ ഒരു ചിത്രത്തിന്റെ സെറ്റിൽ പരസ്യമായി ലഹരി ഉപയോഗിച്ച് ശല്യമുണ്ടാക്കിയെന്നാണ് വീഡിയോയിൽ വിൻസി പറഞ്ഞത്. അത് ഷൈനാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ഇതിന് മുൻപ് തന്നെ ആലപ്പുഴയിൽ കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് കടത്തിയ കേസിൽ പ്രതിയായ തസ്ലീമ സുൽത്താനയുടെ വെളിപ്പെടുത്തലുകളും ഷൈനിന് എതിരായിരുന്നു. സിനിമാ മേഖലയിലെ ചില നടൻമാർക്ക് ലഹരി എത്തിച്ചുകൊടുക്കാറുണ്ടെന്നായിരുന്നു തസ്ലീമയുടെ മൊഴി. ഇവരെ പരിചയമുണ്ടെന്ന് ഷൈൻ ടോം ചാക്കോയും ഇന്നലെ പൊലീസിന് മൊഴി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |