SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.15 PM IST

എസ്. എൻ ഓപ്പൺ യൂണിവേഴ്സിറ്റി , ദോശ ചുടുംപോലെ എം.എ മലയാളം പരീക്ഷ

Increase Font Size Decrease Font Size Print Page
a

കൊല്ലം: വിദ്യാർത്ഥികൾക്ക് പഠിക്കാൻ സമയം നൽകാതെ എസ്.എൻ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2023 എം.എ മലയാളം കോഴ്സിന്റെ നാലാം സെമസ്റ്റർ പരീക്ഷ തിരക്കിട്ട് തുടങ്ങി. ഓഗസ്റ്റ് 21നാണ് മൂന്നാം സെമസ്റ്റർ പരീക്ഷാനടപടികൾ പൂർത്തിയായത്. കഷ്ടിച്ച് അഞ്ച് മാസം തികഞ്ഞപ്പോൾ നാലാം സെമസ്റ്റർ പരീക്ഷ നടത്തുകയാണ്.നാലാം സെമസ്റ്ററിന്റെ പാഠ പുസ്തക വിതരണം തന്നെ ഒച്ചിഴയുന്നതുപോലെയാണ് നടന്നത്.

കോഴ്സ് ചടങ്ങുപോലെ തട്ടിക്കൂട്ടുന്നതിനു പുറമെ ,പരീക്ഷ ദോശ ചുടുന്ന വേഗത്തിൽ നടത്തുകയും ചെയ്യുന്ന സർവകലാശാലയുടെ സമീപനത്തിനെതിരെ പഠിതാക്കളിൽ നിന്നും വലിയ വിമർശനമാണ് ഉയരുന്നത്.

ആദ്യ സെമസ്റ്റർ പരീക്ഷകൾ ഏറെ വൈകിപ്പിച്ച ശേഷം അവസാന സെമസ്റ്റർ പരീക്ഷ പഠിക്കാൻ സമയം നൽകാതെ നടത്തുന്ന മറ്റ് പല സർവകലാശാലകളുടെയും ശൈലി ഓപ്പൺ യൂണിവേഴ്സിറ്റിയും പിന്തുടരുകയാണ്. മറ്റ് സർവകലാശാലകളിൽ നിന്നും വ്യത്യസ്തമായി​ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പ്രായമേറിയവരടക്കം പഠിക്കുന്നുണ്ട്.ഇക്കൂട്ടരാണ് ഭൂരിഭാഗം. പഠിക്കാൻ സമയം നൽകാതെ പരീക്ഷ നടത്തുന്നതും ,ഫലം സമയബന്ധിതമായി പ്രസിദ്ധീകരിക്കാത്തതും പഠിതാക്കളെ ആശങ്കയിലാഴ്ത്തുന്നു. വരുന്ന എട്ടിനും പരീക്ഷയുണ്ട്. പഠിക്കാൻ ആവശ്യത്തിന് സമയം ലഭിക്കാത്ത സാഹചര്യത്തിൽ ഇതടക്കം ബാക്കിയുള്ള പരീക്ഷകൾ നീട്ടിവയ്ക്കണമെന്ന ആവശ്യം ശക്തമാണ്.

 മൂന്നാം സെമസ്റ്റർ ഫലവും വന്നില്ല

നാലാം സെമസ്റ്റർ പരീക്ഷ ആരംഭിച്ചെങ്കിലും 2023 ബാച്ച് എം.എ മലയാളം മൂന്നാം സെമസ്റ്ററിന്റെ ഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. അസൈൻമെന്റിന്റെ മൂല്യനിർണയം വൈകുന്നതാണ് പരീക്ഷാഫലം വൈകാൻ കാരണമെന്നാണ് അധികൃതരുടെ വാദം .മറ്റ് ചില ബിരുദ, ബിരുദാനന്തര കോഴ്സുകളുടെ വിവിധ സെമസ്റ്റർ പരീക്ഷാഫലങ്ങളും പരീക്ഷകളും വൈകുന്നുണ്ട്. പരീക്ഷ ആകാറായിട്ടും പല കോഴ്സുകളുടെയും പഠനസാമഗ്രികൾ ലഭിച്ചില്ലെന്നും പരാതിയുണ്ട്.

TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY