
കൊല്ലം: പന്ത്രണ്ടാംക്ലാസ് പരീക്ഷ പാസായ കൂടുതൽ പേരെ ബിരുദ കോഴ്സിനു ചേർക്കാൻ സാക്ഷരതാമിഷനും ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും തമ്മിൽ ധാരണാപത്രം ഒപ്പിടുന്നു. നിലവിൽ സാക്ഷരത മിഷന്റെ ഇടപെടലിൽ പന്ത്രണ്ടാം ക്ലാസ് തുല്യതാ പരീക്ഷ വിജയിച്ച രണ്ടായിരത്തോളം പേർ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ബിരുദത്തിന് ചേർന്നിട്ടുണ്ട്. കൂടുതൽ കാര്യക്ഷമമായി ഇടപെടൽ തുടരാനാണ് ധാരണാപത്രം. ബിരുദ കോഴ്സുകൾക്ക് ചേരാൻ താല്പര്യമുള്ളവരുടെ പട്ടിക സാക്ഷരതാ മിഷൻ തയ്യാറാക്കും. തുടർന്ന് ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഫീസിനുള്ള പണം വകയിരുത്തിക്കും. സാക്ഷരതാ മിഷന്റെ മേൽനോട്ടത്തിലായിരിക്കും ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പ്രവേശന നടപടികൾ. പഠനവും നിരീക്ഷിക്കും. ഓപ്പൺയൂണിവേഴ്സിറ്റി ജൂലായ് ബാച്ചിൽ പ്രവേശനം നേടിയ തുല്യതാ പരീക്ഷ പാസായ രണ്ടായിരത്തോളം പേരിൽ 75ശതമാനവും സ്ത്രീകളാണ്. അടുത്ത ബാച്ചിൽ കുറഞ്ഞത് പതിനായിരം പേരെയെങ്കിലും ചേർക്കാനാണ് ആലോചന. മന്ത്രി ആർ.ബിന്ദുവിന്റെ സാന്നിദ്ധ്യത്തിൽ 12ന് വൈകിട്ട് ഓപ്പൺയൂണിവേഴ്സിറ്റി, സാക്ഷരതാ മിഷൻ അധികൃതർ ധാരണാപത്രം ഒപ്പിടും. ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പഠിതാക്കളുടെ എണ്ണം വർദ്ധിക്കുന്നതിന് പുറമേ കൂടുതൽ പേർ സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്സുകൾക്ക് ചേരുമെന്നും പ്രതീക്ഷിക്കുന്നു.
തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി തയ്യാറാക്കുന്നതിനു ള്ള മാർഗരേഖയിൽ തുല്യതാ കോഴ്സ് പാസായവർക്ക് ഉപരിപഠനത്തിനുള്ള സഹായത്തിന് പണം വകയിരുത്തൽ കൂടി ഉൾപ്പെടുത്താനുള്ള ചർച്ചകൾ നടത്തുന്നുണ്ട്. ഇത് സാദ്ധ്യമായാൽ കൂടുതൽ പേർക്ക് പ്രയോജനമാകും.
ഡോ.വി.പി.ജഗതിരാജ്
വൈസ്ചാൻസലർ, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |