കോന്നി: വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞ സംഭവത്തിൽ വനപാലകർ കസ്റ്റഡിയിലെടുത്ത തമിഴ്നാട് സ്വദേശിയെ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് ബലമായി മോചിപ്പിച്ച് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ. എന്ത് തോന്ന്യാസമാണ് കാട്ടുന്നതെന്ന് പറഞ്ഞ് വനപാലകരോട് എം.എൽ.എ തട്ടിക്കയറുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കള്ളക്കേസ് എടുത്തുവെന്ന് ആരോപിച്ചാണ് എം.എൽ.എ പ്രകോപിതനായത്.
കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്ത് മഹസർ തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോഴാണ് മോചിപ്പിച്ച് കൊണ്ടുപോയത്. ചൊവ്വാഴ്ച വൈകിട്ട് പാടം ഫോറസ്റ്റ് സ്റ്റേഷനിലായിരുന്നു സംഭവം. കോന്നി ഡിവൈ.എസ്.പി രാജപ്പൻ റാവുത്തറെയും പ്രദേശവാസികളെയും കൂട്ടിയാണ്
എം.എൽ.എ എത്തിയത്.
വനപാലകരോട് കസ്റ്റഡിയിലെടുത്തതിന്റെ രേഖകൾ കാട്ടാൻ ആവശ്യപ്പെട്ടു. കുളത്തുമണ്ണിൽ കഴിഞ്ഞ ശനിയാഴ്ചയാണ് ഷോക്കേറ്റ് ആന ചരിഞ്ഞത്. ആന കിടന്ന വനഭൂമിക്കു സമീപത്തെ കൈതത്തോട്ടം ഉടമയുടെ സഹായി കോന്നി വയക്കരയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി രാജുവിനെയാണ് കസ്റ്റഡിയിലെടുത്തത്. തോട്ടത്തിന്റെ അതിർത്തിയിലെ സോളാർ വേലിയിലൂടെ കൂടുതൽ അളവിൽ വൈദ്യുതി കടത്തിവിട്ടതാണ് ആനയ്ക്ക് ഷോക്കേൽക്കാൻ കാരണമെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്.
'എന്ത് തോന്ന്യാസമാണ്
കാട്ടുന്നത്, നക്സലുകൾ വരും'
ആളിനെ ഇറക്കിവിട്. ഇതന്തു തോന്ന്യാസമാണ് കാട്ടുന്നതെന്ന് പറഞ്ഞാണ് എം.എൽ.എ ക്ഷുഭിതനായത്. മനുഷ്യന് സഹിക്കാവുന്നതിന് പരിധിയുണ്ട്. ഇവിടെ മനുഷ്യൻ ചാകാൻ പോവുകയാണ്. കത്തിക്കും. രണ്ടാമത് ഇവിടെ നക്സലുകൾ വരും. ജനങ്ങൾ അവിടെ പ്രതിഷേധിച്ചു നിൽക്കുകയാണ്. ആന ചത്തെങ്കിൽ ഇലക്ട്രിസിറ്റിക്കാർ റിപ്പോർട്ട് തരും. കള്ളക്കേസെടുത്ത് കസ്റ്റഡിയിലെടുക്കുകയാണോ എന്നും ചോദിച്ചു.
''വന്യമൃഗ ശല്യത്തിനെതിരായ ജനവികാരമാണ് താൻ പ്രകടിപ്പിച്ചത്. മോശം വാക്കുകൾ പറഞ്ഞതിൽ ഖേദമുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ ജനംദുരിതം അനുഭവിക്കുകയാണ്. നടപടിക്രമം പാലിച്ചല്ല ആളിനെ കസ്റ്റഡിയിലെടുത്തത്. സാധാരണക്കാരെ വനപാലകർ കസ്റ്റഡിയിലെടുക്കുകയാണ്
-കെ.യു.ജനീഷ് കുമാർ, എം.എൽ.എ
''ജനീഷ് കുമാർ പ്രകടിപ്പിച്ചത് ജനവികാരമാണ്. കാട്ടാന ശല്യത്തിൽ ജനം പൊറുതിമുട്ടുകയാണ്.
-രാജു ഏബ്രഹാം,
സി.പി.എം ജില്ലാ സെക്രട്ടറി
മന്ത്രി റിപ്പോർട്ട് തേടി
തിരുവനന്തപുരം: സംഭവത്തിൽ ദക്ഷിണമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്ററോട് മന്ത്രി എ.കെ.ശശീന്ദ്രൻ റിപ്പോർട്ട് തേടി. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടോയെന്നും പരിശോധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |