തിരുവനന്തപുരം: ഫെഡറൽ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ കെ വി എസ് മണിയൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ സാമ്പത്തിക വളർച്ചയും വികസന സംരംഭങ്ങളും ഉറപ്പാക്കുന്നതിന് ഫെഡറൽ ബാങ്കും സംസ്ഥാന സർക്കാരും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടത്തിയത്. ബാങ്കിങ്, സംരംഭകത്വ ശാക്തീകരണം, സാമ്പത്തിക അവലോകനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഇരുവരും ചർച്ച നടത്തി.
ബാങ്കിന്റെ എംഡിയായി 2024 സെപ്‌തംബറിൽ പദവി ഏറ്റെടുത്തതിനശേഷം ആദ്യമായാണ് കെ വി എസ് മണിയൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുന്നത്. വ്യവസായ മന്ത്രി പി രാജീവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്ക് രാജ്യത്തെ പ്രമുഖ വാണിജ്യബാങ്കുകളിൽ ഒന്നാണ്. സംസ്ഥാനത്തുടനീളം അറുനൂറിലധികം ശാഖകളാണ് ഫെഡറൽ ബാങ്കിനുള്ളത്. മൊത്തം ശാഖകളുടെ നാല്പതു ശതമാനം വരുമിത്. പ്രവാസി ഇന്ത്യക്കാർ പണമിടപാടിന് പ്രാഥമിക പരിഗണന നൽകുന്നത് ഫെഡറൽ ബാങ്കിനാണ്. ഇതിൽ ഭൂരിപക്ഷവും മലയാളികളാണെന്നതും ശ്രദ്ധേയമാണ്.
കേരളത്തിന്റെ പരോഗതിയെ മുൻനിർത്തി, ഭാവിയെക്കുറിച്ചുള്ള ക്രിയാത്മകമായ ചർച്ചയാണ് മുഖ്യമന്ത്രിയുമായി നടത്തിയതെന്ന് കെ വി എസ് മണിയൻ പറഞ്ഞു. ഫെഡറൽ ബാങ്കിനെ സംബന്ധിച്ചിടത്തോളം കേരളത്തിന്റെ വളർച്ചയുടെ ഭാഗം തന്നെയാണ് ഞങ്ങളുടെയും വളർച്ച. വിജയവും അതുപോലെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഉത്തമ ബാങ്കിംഗ് പങ്കാളി എന്നതിനപ്പുറത്തേക്ക് സംസ്ഥാനത്തിന്റെ വികസനത്തിനും ശാക്തീകരണത്തിനും ഉത്തേജകമായിക്കൊണ്ട് കേരളത്തിനൊപ്പം വളരുന്നതിന് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രാദേശിക ബിസിനസുകളെ പിന്തുണയ്ക്കുക, സംരംഭകരെ ശാക്തീകരിക്കുക, സാമ്പത്തിക ഉൾപ്പെടുത്തൽ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് സംസ്ഥാനത്തെ നിരവധി വികസന സംരംഭക പദ്ധതികളിൽ ഫെഡറൽ ബാങ്ക് സജീവ പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട്. ബാങ്കിന്റെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച നൈപുണ്യ വികസന കേന്ദ്രങ്ങളിലൂടെ നിരവധി ആളുകൾക്ക് തൊഴിൽ പരിശീലനം നൽകാൻ കഴിഞ്ഞു. കഴിഞ്ഞവർഷം മാത്രം അഞ്ഞൂറിലധികം പേരാണ് പരിശീലനം പൂർത്തീകരിച്ചത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകൾ നൽകുന്നുണ്ട്. സഞ്ജീവനി പദ്ധതിയിലൂടെ സംസ്ഥാനത്തെ 600 കാൻസർ രോഗികൾക്ക് പിന്തുണ നൽകിയിട്ടുണ്ട്. ലോക ബാങ്കിന്റെ നിക്ഷേപ വിഭാഗമായ ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷന് ഓഹരി പങ്കാളിത്തമുള്ള ഒരു സ്ഥാപനം കൂടിയാണ് ഫെഡറൽ ബാങ്ക് .
ഭിന്നശേഷിക്കാർക്കിടയിലെ പ്രതിഭയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ അഞ്ജൻ സതീഷ് വരച്ച മുഖ്യമന്ത്രിയുടെ ചിത്രം മണിയൻ സമ്മാനിച്ചു. ശൈശവത്തിൽ ബാധിച്ച ശ്രവണവൈകല്യവും സെറിബ്രൽ പാൾസിയും ഒരു വിലങ്ങുതടിയാവാതെ തന്റെ കലാജീവിതം കരുപ്പിടിപ്പിച്ച അനുഗൃഹീത ചിത്രകാരനാണ് അഞ്ജൻ സതീഷ്.
ബാങ്കിന്റെ തിരുവനന്തപുരം സോണൽ മേധാവിയും സീനിയർ വൈസ് പ്രസിഡന്റുമായ ഷിജു കെ വി, ഗവണ്മെന്റ് ബിസിനസ് മേധാവി കവിത കെ നായർ, സീനിയർ മാനേജർ അനീസ് അഹമ്മദ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |