തിരുവനന്തപുരം: മന്ത്രി മാറ്റത്തെച്ചൊല്ലി പാർട്ടിയിലുണ്ടായ അസ്വസ്ഥതകൾക്കൊടുവിൽ പി.സി.ചാക്കോ എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷ പദവി രാജിവച്ചു. എന്നാൽ ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ രാജി അംഗീകരിച്ചിട്ടില്ലെന്നാണ് അറിയുന്നത്. എൻ.സി.പി ദേശീയ വർക്കിംഗ് പ്രസിഡന്റുമാണ് ചാക്കോ. രാജി അംഗീകരിച്ചാൽ മന്ത്രി സ്ഥാനത്തിനായി നേരത്തെ അവകാശവാദമുന്നയിച്ച തോമസ് കെ.തോമസ് എം.എൽ.എ സംസ്ഥാന അദ്ധ്യക്ഷ പദവിയിലെത്തിയേക്കും.
എ.കെ.ശശീന്ദ്രനെ മാറ്റി, തോമസ് കെ.തോമസിനെ മന്ത്രിയാക്കാൻ ശരദ്പവാറിന്റെ പിന്തുണയോടെ നടത്തിയ നീക്കം പരാജയപ്പെട്ടതും ശശീന്ദ്രൻ വിഭാഗവുമായി തോമസ് കെ.തോമസ് ഐക്യം സ്ഥാപിച്ചതുമാണ് പൊടുന്നനെയുള്ള രാജിക്ക് കാരണം. ശശീന്ദ്രൻ വിഭാഗം ജില്ലാ അടിസ്ഥാനത്തിൽ ചാക്കോയ്ക്കെതിരെ ഒപ്പുശേഖരണം തുടങ്ങിയിരുന്നു.
പാർട്ടിയിൽ തൻപ്രമാണിത്തത്തോടെ തീരുമാനമെടുക്കുന്നുവെന്നും അനാവശ്യമായി നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കുന്നുവെന്നുമുള്ള അതൃപ്തി ശശീന്ദ്രൻ പക്ഷത്തിന് കുറച്ചുനാളായുണ്ട്. ചാക്കോ സംസ്ഥാന നേതൃയോഗം വിളിച്ചെങ്കിലും പങ്കെടുക്കേണ്ടെന്നും അവർ തീരുമാനിച്ചിരുന്നു.
മന്ത്രിയെ മാറ്റാനുള്ള ചരടുവലികൾ നേരത്തെ ചാക്കോ തുടങ്ങിയെങ്കിലും മുഖ്യമന്ത്രിയുടെ ഇടപെടലിലാണ് നീക്കം പൊളിഞ്ഞത്.
തോമസ് കെ.തോമസിന് അജിത് പവാർ പക്ഷം കോഴ വാഗ്ദാനം ചെയ്‌തെന്ന വാർത്തകൾ കൂടി പുറത്തുവന്നതോടെ മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചു. മന്ത്രിമാറ്റത്തെ പിന്തുണയ്ക്കാത്തതിന്റെ പേരിൽ മുഖ്യമന്ത്രിക്കെതിരെ പി.സി.ചാക്കോ നടത്തിയ ചില പരാമർശങ്ങളുടെ ശബ്ദരേഖ പുറത്തുവരുകയും ചെയ്തിരുന്നു.
അടുത്ത തിരഞ്ഞെടുപ്പിൽ കുട്ടനാട്ടിൽ വീണ്ടും മത്സരിക്കണമെങ്കിൽ സി.പി.എമ്മിന്റെ താത്പര്യം കൂടി വേണമെന്നത് തോമസ് കെ. തോമസിനും അറിയാം. സീറ്റ് സി.പി.എം ഏറ്റെടുക്കണമെന്ന ആവശ്യം നേരത്തെ തന്നെയുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിൽ ശശീന്ദ്രൻ പക്ഷത്തിനൊപ്പം നിൽക്കുന്നതാണ് രാഷ്ട്രീയ ഭാവിക്ക് നല്ലതെന്ന് തോമസ് കെ.തോമസും കരുതുന്നു. മന്ത്രി സ്ഥാനത്തു നിന്ന് മാറ്റമുണ്ടാവില്ലെന്ന് വ്യക്തമായതോടെ വലിയൊരു വിഭാഗം ജില്ലാ നേതാക്കളും ശശീന്ദ്രനൊപ്പമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |