തൃശൂർ: ഉരുൾപൊട്ടലും പ്രളയവും ഉണ്ടായാൽ അതിജീവിക്കാനും പ്രതികരിക്കാനുമുള്ള പാഠങ്ങൾ പഠിച്ചും പരിശീലിച്ചും 265 പഞ്ചായത്തുകൾ. റീ ബിൽഡ് കേരള പ്രോഗ്രാം ഫോർ റിസൾട്ട്‌സ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷനും (കില) ചേർന്ന് കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പഞ്ചായത്തുകളിൽ മോക്ഡ്രിൽ പൂർത്തിയാക്കി.
അടിയന്തര സാഹചര്യങ്ങളിൽ വിവിധവകുപ്പുകളെ ഏകോപിപ്പിച്ചു കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനുള്ള സജ്ജീകരണം ഫലപ്രദമാണോ എന്ന് ഇനി വിലയിരുത്തും. പഞ്ചായത്തുകളെ ക്ലസ്റ്ററുകളാക്കി 21 ഇടങ്ങളിലാണ് മോക്‌ഡ്രിൽ നടത്തിയത്. കിലയിലെ ഡോ. മോനിഷ് ജോസ്, ഡോ. എസ്. ശ്രീകുമാർ, ഡോ. മറിയാമ്മാസാനു ജോർജ്, ഡോ. ആർ. രാജ്കുമാർ എന്നിവരടങ്ങുന്ന കോർ കമ്മിറ്റിയാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ലോകബാങ്കിന്റെ ധനസഹായത്തോടെ, 2021 മുതൽ 2026 വരെയാണ് പദ്ധതിയുടെ കാലാവധി.
പ്രളയാനന്തരം കേരളത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ദുരന്തനിവാരണ പ്ലാൻ ഉണ്ടാക്കിയിരുന്നു.
ലോകബാങ്കിന്റെ ധനസഹായം
ഫലപ്രദമായ പദ്ധതികൾ തയ്യാറാക്കുന്ന തദ്ദേശസ്ഥാപനങ്ങൾക്ക് പ്രവർത്തനങ്ങൾ വിലയിരുത്തി ഗ്രാൻഡ് നൽകും. പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാനും പൊരുത്തപ്പെടാനും ഓരോ പ്രദേശത്തിനും അനുകൂലമായി കാലാവസ്ഥാവ്യതിയാന കർമ്മപദ്ധതി തയ്യാറാക്കുന്നുണ്ട്. റീ ബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി പ്രാദേശിക കാലാവസ്ഥ കർമ്മ പദ്ധതിയുടെ പുസ്തകവും തയ്യാറാക്കി. 50 വർഷം കഴിഞ്ഞാൽ കാലാവസ്ഥ പ്രത്യാഘാതങ്ങൾ മുന്നിൽ കണ്ടുളള പദ്ധതികളാണ് ഇതിലുള്ളത്.
കർമ്മപദ്ധതിയിലെ പ്രധാന ഉള്ളടക്കം
1. ഓരോ പഞ്ചായത്തിലെയും ദൈനംദിന മഴയുടെ ലഭ്യത
2. കാലാവസ്ഥാവ്യതിയാനം ഉണ്ടാക്കുന്ന മാറ്റങ്ങൾ
3. വെളളപ്പൊക്ക സാദ്ധ്യതകളുടെ സ്ഥിതിവിവരങ്ങൾ
4. വെളളപ്പൊക്കം ബാധിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾ
5. പരമാവധി താപനിലയുടെ സ്വഭാവത്തിന്റെ വിശകലനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |