കൊച്ചി: മലയാളിയായ ഡോ.ടിജു തോമസ് കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതലയുള്ള കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറായി ചുമതലയേറ്റു. കൊച്ചിയിലെ ഓഫീസിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സ്ഥാനമേറ്റത്. കൊച്ചിയിൽ ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസ് (ഡി.ആർ.ഐ) അഡിഷണൽ ഡയറക്ടർ ജനറലായിരുന്നു. പ്രിവന്റീവ് കമ്മിഷണറായിരുന്ന കെ.പത്മാവതിക്ക് ഡി.ആർ.ഐയിലേക്ക് സ്ഥലംമാറ്റം ലഭിച്ചതോടെയാണ് നിയമനം.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ ഡോ.ടിജു കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് നേടിയ ശേഷമാണ് 1999ൽ സിവിൽ സർവീസിലെത്തുന്നത്. ഇന്ത്യൻ റവന്യൂ സർവീസ് 1999 ബാച്ചിലെ സ്വർണമെഡൽ ജേതാവാണ്. യു.എ.ഇയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിൽ കോൺസുലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് കേരള-ലക്ഷദ്വീപ് ജി.എസ്.ടി കമ്മിഷണറായിരുന്നു (ഓഡിറ്റ്). അപ്പീൽസ് വിഭാഗം കമ്മിഷണറുടെ അധികചുമതലയും വഹിച്ചു. മദ്ധ്യപൂർവേഷ്യ,പടിഞ്ഞാറൻ ഏഷ്യ,ആഫ്രിക്കൻ മേഖലകളുടെ ചുമതലയുള്ള ഇന്ത്യയുടെ നോഡൽ ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്.
ഭൂട്ടാനിൽ ജി.എസ്.ടി നടപ്പാക്കാൻ സഹായഹസ്തവുമായി തിംപുവിലേക്ക് പോയ വിദഗ്ദ്ധസംഘത്തെ നയിച്ചത് ടിജുവായിരുന്നു. 2019ൽ രാഷ്ട്രപതിയുടെ അതിവിശിഷ്ടസേവാ മെഡലും ലഭിച്ചു. ആലുവ യു.സി കോളേജ് പ്രിൻസിപ്പലായിരുന്ന ഡോ.സി.ജെ.തോമസിന്റെയും റിട്ട.പ്രധാനാദ്ധ്യാപിക ലീലാമ്മ മാത്യുവിന്റെയും മകനാണ്. ഡെന്റൽ സർജനായ ഡോ.സോനുമേരി വർഗീസാണ് ഭാര്യ. സോന,സോജിത്,സാങ്റ്റ്യ എന്നിവർ മക്കളാണ്. ഇപ്പോൾ കാക്കനാടാണ് താമസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |