തിരുവനന്തപുരം: വകുപ്പുതല യോഗ്യത പരീക്ഷ വിജയിക്കാത്തവർക്ക് സ്ഥാനക്കയറ്റം നൽകിയ വനം വകുപ്പ് നടപടി വീണ്ടും വിവാദത്തിൽ. 31 സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരെ (എസ്.എഫ്.ഒ) ഡെപ്യൂട്ടി റേഞ്ച് ഓഫീസർമാരായി സ്ഥാനക്കയറ്റം നൽകി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പട്ടികയിൽ യോഗ്യത പരീക്ഷയും ട്രെയിനിംഗും വിജയിക്കാത്തവരും
ഉണ്ടെന്നാണ് ആക്ഷേപം . യോഗ്യത മാനദണ്ഡത്തിൽ മാറ്റമടക്കം സ്പെഷ്യൽ റൂളിൽ
ഭേദഗതി സംബന്ധിച്ച് പഠിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചതിന് പിന്നാലെയാണ് തിരക്കിട്ടുള്ള നടപടി.
ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായി നിയമിതരാകുന്നവർ സ്ഥാനക്കയറ്റം ലഭിക്കുന്നതിന് 3 വകുപ്പുതല പരീക്ഷകളും ട്രെയിനിംഗും വിജയകരമായി പൂർത്തിയാക്കണം. 2010ന് ശേഷവും ഇത് മറികടന്ന് 1477 പേർക്ക് സ്ഥാനക്കയറ്റം നൽകിയത് ക്രമപ്പെടുത്താൻ നീക്കം നടക്കുന്നതിനിടെയാണ് വീണ്ടും ഇഷ്ടക്കാർക്ക് ചട്ടവിരുദ്ധമായി സ്ഥാനക്കയറ്റം.
ഇതിനെതിരെ ജീവനക്കാർ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. 2010ന് ശേഷം ചട്ടവിരുദ്ധമായ പ്രൊമോഷനും തുടർ പ ഹയർ ഗ്രേഡും ലഭിച്ച ഒട്ടേറെപ്പേരുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇവരുടെ സ്ഥാനക്കയറ്റം ക്രമപ്പെടുത്തുന്നതിന് സ്‌പെഷ്യൽ റൂൾ ഭേദഗതി ചെയ്യാനാണ് നീക്കമെന്നും ഹർജിക്കാർ പറയുന്നു.യോഗ്യത മാനദണ്ഡ ചട്ടങ്ങൾ ഭേദഗതി ചെയ്യാനുള്ള നീക്കത്തിൽ എതിർപ്പ് ഉയർന്നതോടെയാണ് വിഷയം പഠിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചത്. അഡി. സെക്രട്ടറിയാണ് സൂസൻ ഗോപി കൺവീനർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |